മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആസ്ഥാനം വില്‍ക്കാനൊരുങ്ങി വ്യവസായി അനില്‍ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴ് ലക്ഷം ച. അടി വിസ്തീര്‍ണമുള്ള റിലയന്‍സ് സെന്‍റര്‍ വില്‍ക്കാനോ വാടകക്ക് നല്‍കാനോ നീക്കം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടം ദീര്‍ഘകാലത്തേക്ക് വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഎസ് കമ്പനികളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. 

കടം വീട്ടാനാണ് കെട്ടിടം വില്‍ക്കുന്നത്. ഏകദേശം 1500-2000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം. ഇടപാടുകള്‍ക്കായി അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍റ് ഏജന്‍സി ജെഎല്‍എല്ലിനെ  റിലയന്‍സ് നിയോഗിച്ചു. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണ് കൂറ്റാന്‍ കെട്ടിടം. 

സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് ദക്ഷിണ മുംബൈയിലെ ബല്ലാഡ് റിലയന്‍സ് സെന്‍ററിലേക്ക് മാറാനാണ് നീക്കം. നിലവില്‍ 18000 കോടി രൂപയാണ് റിലയന്‍സ് കാപ്പിറ്റലിന്‍റെ കടം. ഈ സാമ്പത്തിക വര്‍ഷം കടം 50 ശതമാനമെങ്കിലും കുറക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ് റീട്ടെയില്‍ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന് വിറ്റതുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഇലക്ട്രിസിറ്റി ട്രൈബ്യൂണലിന്‍റെ പരിഗണനിയിലാണ്.