ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇത്തവണ തീരുവയിളവ് ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു.
ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും യുഎസ് തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടെ അമേരിക്കന്‍ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി ആപ്പിള്‍ സിഇഒ ടിം കുക്ക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇത്തവണ തീരുവയിളവ് ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിം കുക്ക് വൈറ്റ് ഹൗസില്‍ എത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഒന്നാം ട്രംപ് സര്‍ക്കാരിന്‍റെ കാലത്ത് ചൈനയില്‍ നിര്‍മിച്ച് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ഇളവ് നല്‍കിയിരുന്നു.എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആപ്പിളോ വൈറ്റ് ഹൗസോ പുറത്തുവിട്ടിട്ടില്ല. ട്രംപുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ടിം കുക്ക്. ട്രംപ് അധികാരമേല്‍ക്കുമ്പോഴും തുടര്‍ന്നുള്ള വിരുന്നുകളിലുമെല്ലാം കുക്കിന്‍റെ സാന്നിധ്യം ശ്രദ്ദിക്കപ്പെട്ടിരുന്നു.
ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് 10% ഏര്‍പ്പെടുത്താനാണ് ട്രംപിന്‍റെ തീരുമാനം. നിലവില്‍ ആഗോളതലത്തില്‍ ഐഫോണിന്‍റെ വില്‍പനയിലുള്ള ഇടിവിനു പുറമേ 10% താരിഫ് കൂടി വരുമ്പോള്‍ അത് ആപ്പിളിന് വലിയ തിരിച്ചടിയാകും. ചൈനയ്ക്കെതിരെ അമേരിക്കന്‍ ഭരണകൂടം തീരുവ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ചൈനീസ് ഭരണകൂടം പലതരത്തിലുള്ള അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിനെതിരെ പ്രഖ്യാപിച്ച അന്വേഷണത്തിന് പുറമേ ആപ്പിളിനെതിരെയും ചൈനയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചൈനയിലെ ആപ്പിളിന്‍റെ നയങ്ങളെക്കുറിച്ചും ആപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നല്‍കുന്ന ഫീസുമായി ബന്ധപ്പെട്ടും ആണ് ചൈനയില്‍ അന്വേഷണം നടക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമാണ് ചൈന. അതേസമയം ഏറ്റവും വലിയ വിപണി അമേരിക്കയാണ്. ചൈനയില്‍ നിര്‍മ്മിച്ച് അമേരിക്കയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ആപ്പിളിന്‍റെ നിലപാടിനെതിരെയാണ് ട്രംപിന്‍റെ നീക്കം.
