ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളും ആപ്പിൾ ഐഫോണുകളുടെ പ്രധാന വിതരണക്കാരുമാണ് ഫോക്‌സ്‌കോൺ

ദില്ലി: ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യൻ ടെക് ഹബ്ബായ ബെംഗളൂരുവിൽ ഭൂമി വാങ്ങി. ചൈനയിൽ നിന്ന് ഉൽപ്പാദനം വൈവിധ്യവത്കരിക്കാൻ ആപ്പിൾ ശ്രമിക്കുന്ന സമയത്താണ് പുതിയ സ്ഥലം വാങ്ങൽ. ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിൽ 1.2 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് വാങ്ങിയത്. 

ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി എന്നും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ, ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളും ആപ്പിൾ ഐഫോണുകളുടെ പ്രധാന വിതരണക്കാരുമാണ്.

കർണാടകയിലെ പുതിയ ഫാക്ടറിയിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഫോക്സ്‌കോൺ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട്. അതേസമയം, ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഐഫോൺ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. മുംബൈയിലും ദില്ലിയിലുമായി രണ്ട് സ്റ്റോറുകൾ ആപ്പിൾ തുറന്നു. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിലും രണ്ടാമത്തെ സ്റ്റോർ ദില്ലിയിലും. ദില്ലിയിലെ സ്റ്റോർ 8,417.83 ചതുരശ്ര അടിയും മുംബൈ സ്റ്റോർ 20,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ളതാണെങ്കിലും, ആപ്പിൾ ഒരേ വാടക തുകയാണ് രണ്ടിനും നൽകുന്നത്. ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170-ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്.

2019-ൽ തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്ലാന്റിൽ ഫോക്‌സ്‌കോൺ ആപ്പിൾ ഹാൻഡ്‌സെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങി. മറ്റ് രണ്ട് തായ്‌വാനീസ് വിതരണക്കാരായ വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയും ആപ്പിൾ ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.