സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനുമായി പുതിയ പൗരത്വ പദ്ധതി പ്രഖ്യാപിച്ച് അർജന്റീന. ട്രഷറിയിലേക്ക് പണമടച്ചോ സർക്കാർ ബോണ്ടുകൾ വാങ്ങിയോ വിദേശികൾക്ക് പൗരത്വം നേടാൻ അവസരമൊരുക്കുന്നതാണ് ഈ പദ്ധതി. എന്നാൽ കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമായി പുതിയ പൗരത്വ പദ്ധതി പ്രഖ്യാപിച്ച് അര്‍ജന്റീന. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാരീസില്‍ വെച്ചാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശികള്‍ക്ക് പൗരത്വം നേടാന്‍ പ്രധാനമായും രണ്ട് വഴികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

ആദ്യ വഴി: ട്രഷറിയിലേക്ക് പണം അടയ്ക്കാം

ആദ്യത്തെ രീതി പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കുന്ന വ്യക്തി 3,50,000 ഡോളര്‍ (ഏകദേശം 3.37 കോടി രൂപ) അര്‍ജന്റീനയുടെ ദേശീയ ട്രഷറിയിലേക്ക് അടയ്ക്കണം. ഈ തുക തിരികെ ലഭിക്കില്ല. ഭാര്യക്കോ ഭര്‍ത്താവിനോ ഒപ്പം പൗരത്വം ലഭിക്കാന്‍ ഒരു ലക്ഷം ഡോളര്‍ കൂടി അധികമായി നല്‍കണം. 18 വയസ്സില്‍ താഴെയുള്ള ഓരോ കുട്ടിക്കും 25,000 ഡോളര്‍ വീതവുമാണ് അടയ്‌ക്കേണ്ടത്. അതായത്, നാല് പേരുള്ള ഒരു കുടുംബത്തിന് ഈ വഴിയിലൂടെ പൗരത്വം നേടണമെങ്കില്‍ 5 ലക്ഷം ഡോളര്‍ (ഏകദേശം 4.82 കോടി രൂപ) ചെലവാക്കേണ്ടി വരും.

രണ്ടാമത്തെ വഴി: സര്‍ക്കാര്‍ ബോണ്ട് വാങ്ങാം

8 ലക്ഷം ഡോളറിന്റെ (ഏകദേശം 7.71 കോടി രൂപ) സര്‍ക്കാര്‍ ബോണ്ട് വാങ്ങുക എന്നതാണ് രണ്ടാമത്തെ വഴി. പൗരത്വ പദ്ധതിക്കായി മാത്രമായിരിക്കും ഈ പ്രത്യേക ബോണ്ടുകള്‍ ഇറക്കുക. ഈ രണ്ട് വഴികളിലൂടെയും ലഭിക്കുന്ന തുക രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് അര്‍ജന്റീനയുടെ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

പണം നല്‍കിയാല്‍ ഉടന്‍ പൗരത്വം കിട്ടുമോ?

കോടികള്‍ മുടക്കിയാലും പൗരത്വം അത്ര എളുപ്പത്തില്‍ ലഭിക്കില്ല. അപേക്ഷകര്‍ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടോയെന്നും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണോയെന്നും കര്‍ശനമായി പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കും. രാജ്യത്തിന്റെ സാമ്പത്തിക സുതാര്യതയും അര്‍ജന്റീന പൗരത്വത്തിന്റെ മൂല്യവും കാത്തുസൂക്ഷിക്കാനാണിത്. അപേക്ഷിച്ചാല്‍ എത്ര കാലം കൊണ്ട് പൗരത്വം ലഭിക്കുമെന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലക്ഷ്യം വിദേശ നിക്ഷേപം; ഒപ്പം രാഷ്ട്രീയ എതിര്‍പ്പുകളും

വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രസിഡന്റ് ഹാവിയര്‍ മിലേയിയുടെ വിശാലമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ പൗരത്വ നിയമവും വരുന്നത്. നികുതി ഇളവുകള്‍, തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവയിലൂടെ അന്താരാഷ്ട്ര ബിസിനസുകളെ ആകര്‍ഷിക്കാനാണ് മിലേയി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പൗരത്വ പദ്ധതിക്ക് രാജ്യത്തിനകത്ത് വലിയ രാഷ്ട്രീയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. അടുത്ത വര്‍ഷം അര്‍ജന്റീനയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജ്യത്ത് വിദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഇതിനകം തന്നെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് കൃഷിഭൂമി വാങ്ങാന്‍ അനുമതി നല്‍കുന്നതിലെ ആശങ്കകളും, ശതകോടീശ്വരനായ നിക്ഷേപകന്‍ പീറ്റര്‍ തിയേല്‍ ബ്യൂണസ് ഐറിസില്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ പൗരത്വ പദ്ധതി വിദേശ മൂലധനം ആകര്‍ഷിക്കാനുള്ള ഒരു മികച്ച നീക്കമാണെങ്കിലും രാഷ്ട്രീയമായി വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്.