അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ തകർച്ച നേരിട്ടു. എഐ, ചിപ്പ് നിർമാണ കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത വിറ്റഴിക്കൽ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ വിപണികളെ പ്രതികൂലമായി ബാധിച്ചു. എന്നാൽ ഐടി ഓഹരികളുടെ പിൻബലത്തിൽ ഇന്ത്യൻ വിപണി നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

അമേരിക്കയില്‍ നിന്നുള്ള പണപ്പെരുപ്പക്കണക്കുകള്‍ വിപണിയെ ആശങ്കയിലാഴ്ത്തിയതിനെത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. സൗത്ത് കൊറിയയുടെ കോസ്പി സൂചിക ഏകദേശം 8 ശതമാനത്തോളവും ജപ്പാന്റെ നിക്കി 225 സൂചിക അഞ്ച് ശതമാനത്തിലധികവും ഇടിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ചിപ്പ് നിര്‍മാണ കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായ കനത്ത വിറ്റഴിക്കല്‍ ഏഷ്യന്‍ വിപണികളെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിച്ചു. അതേ സമയം ഐടി ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

ഗ്ലോബല്‍ എഐ വ്യാപാരത്തിന്റെ പ്രധാന സൂചികയായി കണക്കാക്കുന്ന സൗത്ത് കൊറിയന്‍ കോസ്പി 7.7 ശതമാനമാണ് ഇടിഞ്ഞത്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ജപ്പാന്റെ നിക്കി 225 സൂചികയും ഒസാക എക്‌സ്‌ചേഞ്ചിലെ നിക്കി ഫ്യൂച്ചേഴ്‌സും യഥാക്രമം 5 ശതമാനവും 5.4 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാംങ് സെങ് സൂചിക 1 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 1.5 ശതമാനവും താഴ്ന്നു.

സാംസങ്, എസ്‌കെ ഹൈനിക്‌സ് ഓഹരികള്‍ക്ക് വന്‍ തിരിച്ചടി

സെമികണ്ടക്ടര്‍ (ചിപ്പ്) ഓഹരികളാണ് ഇന്ന് ഏറ്റവും വലിയ ആഘാതം നേരിട്ടത്. സൗത്ത് കൊറിയന്‍ ചിപ്പ് നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും 9 ശതമാനത്തിലധികം ഇടിഞ്ഞു.

ആഗോള എഐ നിക്ഷേപ മുന്നേറ്റത്തിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായ എസ്‌കെ ഹൈനിക്‌സിന്റെ വിപണി മൂല്യം, നാല് മാസം മുമ്പത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് 57 ശതമാനത്തോളമാണ് ഇടിഞ്ഞത്. എഐ നിക്ഷേപങ്ങളുടെ സുസ്ഥിരത, ഉയര്‍ന്ന മൂല്യം, കൂടിയ വായ്പച്ചെലവ് എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്.

അമേരിക്കന്‍ പണപ്പെരുപ്പവും ഫെഡ് റിസര്‍വ് ആശങ്കകളും

അമേരിക്കയില്‍ സെപ്റ്റംബര്‍ മാസത്തെ ഉപഭോക്തൃ വിലക്കയറ്റ കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഇത് യു.എസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഇനിയും കൂട്ടാന്‍ ഇടയാക്കുമെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.