തിരുവനന്തപുരം: ചെറുകിട- ഇടത്തരം സംരംഭകരുടെ ശബ്ദത്തിന് കരുത്തേകാനും ആഗോളനിലവാരം പുലർത്തുന്ന സംസ്ഥാനത്തെ സംരംഭങ്ങളെ തിരിച്ചറിഞ്ഞ് അംഗീകാരം നൽകുന്നതിനുമായി ഏഷ്യാനെറ്റ് ന്യൂസും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ എസ്എംഇ കീർത്തിമുദ്ര പുരസ്കാരദാന ചടങ്ങിന്‍റെ സംപ്രേക്ഷണം മാര്‍ച്ച് 31 ന്. എസ്എംഇ ഓഫ് ദ ഇയര്‍ പുരസ്കാരം, മികച്ച വനിത സംരംഭക, സ്പെഷ്യൽ ജൂറി അവാർഡ് എന്നിവയ്ക്ക് പുറമേ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഫുട്‍വെയർ, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്ടെയ്ൽ, റബ്ബർ പ്രൊഡക്ട്സ്, പ്രിന്‍റിംഗ്, അഗ്രോ ഫുഡ് പ്രോസസിംഗ് എന്നീ ഏഴ് വിഭാഗങ്ങളില്‍ മികച്ച പ്രവർത്തനം കൈവരിച്ച സ്ഥാപനങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു.

സംരംഭകര്‍ക്കായി ഏഷ്യാനെറ്റ് ന്യൂസും ഫെഡറൽ ബാങ്കും ചേർന്നാണ് എസ്എംഇ കീർത്തിമുദ്ര പുരസ്കാരങ്ങൾ ഏര്‍പ്പെടുത്തിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എസി മൊയ്തീനായിരുന്നു മുഖ്യ അതിഥി. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനുമായി ചേർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് കീർത്തിമുദ്ര പുരസ്കാരം നൽകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഫെഡറല്‍ ബാങ്ക് എംഡി ആന്‍റ് സിഇഒ ശ്യാം ശ്രീനിവാസന്‍, ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ ഫ്രാങ്ക് പി തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണന്‍ എന്നിവർ ചേർന്നാണ് അവാർഡുകള്‍ സമ്മാനിച്ചത്.

ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്തുപേരെയാണ് 2018 എസ്എംഇ കീർത്തിമുദ്ര പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സംരംഭകരുടെ സംഗമവേദിയായ ചടങ്ങില്‍ മികച്ച സംരംഭകനുള്ള എസ്എംഇ ഓഫ് ദി ഇയർ പുരസ്കാരത്തിന് ഫോർച്യൂണ് എലാസ്റ്റോമേർസ് ഉടമ ഹമീദ് അലി അർഹനായി. മികച്ച വനിതാ സംരംഭകയായി സുമിക്സ് കിഡ്സ് വെയർ ഉടമ ബീനയെ തെരഞ്ഞെടുത്തു. ഗുഡ് ബയ് സോപ്സ് ഉടമ കെ.പി. ഖാലിദ് ആണ് സ്പെഷൽ ജൂറി അവാർഡിന് അർഹനായത്. 

അഗ്രോ ഫുഡ് പ്രോസസിംഗ് വിഭാഗത്തിൽ അഗോര്‍സ ഗോര്‍മന്‍റ് ഉടമയായ എബിൻ കുര്യാക്കോസ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്രട്രോണിക്സ് വിഭാഗത്തില്‍ സൈന്‍ലാബ് ടെക്നോളജീസ് ഉടമ സജീവ് കുമാർ, ഫാർമസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക് വിഭാഗത്തില്‍ ജയോൺ ഇംപ്ലാന്‍റ്സ് ഉടമ ടി.സി. ജയശങ്കർ, റബ്ബർ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ വജ്ര റബ്ബർ പ്രൊഡക്ട്സ് ഉടമ കണ്ണന്‍ സജീന്ദ്രനാഥ്, ഫൂട്ട്‍വെയര്‍ വിഭാഗത്തില്‍ ക്യുബിക്സ് ഫൂട്ട് വെയർ ഉടമ എം.സലീം, പ്രിന്‍റിംഗ് ആന്‍ഡ് പാക്കേജ് വിഭാഗത്തില്‍ അനശ്വര ഓഫ്സെറ്റ്  ഉടമ ഒ വേണുഗോപാല്‍, ടെകസ്റ്റൈല്‍ ആന്‍ഡ് ഗാർമെന്‍റ്സ് വിഭാഗത്തില്‍ പോപ്പീസ് ബേബികെയർ ഉടമ സാജു തോമസ് എന്നിവർക്കും അവാർഡുകള്‍ സമ്മാനിച്ചു.

കിന്‍ഫ്ര എംഡി സന്തോഷ് കുമാർ, കെഎസ്എസ്ഐ പ്രസിഡന്‍റ് എം. ഖാലിദ് എന്നിവർ ചടങ്ങിന് ആശംസകള്‍ നേർന്നു. മാര്‍ച്ച് 31 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ മൂന്ന് മണിവരെ ഏഷ്യാനെറ്റ് ന്യൂസ് എസ്എംഇ കീര്‍ത്തിമുദ്ര അവാര്‍ഡ് ദാനച്ചടങ്ങ് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്യും.