അട്ടാരി അടച്ചുപൂട്ടുന്നത് ഈ ഉല്‍പ്പന്നങ്ങളുടെ നീക്കത്തെ സാരമായി ബാധിക്കും. ഇതിനകം തന്നെ ദുര്‍ബലവും തകര്‍ച്ചയിലുമായ ഇന്തോ പാക്ക് വ്യാപാര ബന്ധത്തിന് മറ്റൊരു പ്രഹരം ഏല്‍പ്പിക്കുന്നതാണ് നിലവിലെ സ്ഥിതിഗതികള്‍. 

ഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അട്ടാരിയിലെ ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) ഉടന്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തടസ്സപ്പെടും. 

അടഞ്ഞ് അട്ടാരി

അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അട്ടാരി-വാഗ ഇടനാഴി വര്‍ഷങ്ങളായി വ്യാപാരത്തിലും യാത്രക്കാരുടെ നീക്കത്തിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. 2023-24 ല്‍, അട്ടാരി വഴി 3,886.53 കോടി രൂപയുടെ വ്യാപാരം രേഖപ്പെടുത്തി, 6,871 ചരക്ക് നീക്കമാണ് ഇത് വഴി നടന്നത്. അട്ടാരി ലാന്‍ഡ് പോര്‍ട്ട് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വളരെക്കാലമായി ഒരു നിര്‍ണായക വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോയാബീന്‍, കോഴിത്തീറ്റ, പച്ചക്കറികള്‍, ചുവന്ന മുളക്, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് നൂല്‍ എന്നിവയാണ് ഈ റൂട്ടിലൂടെയുള്ള പ്രധാന ഇന്ത്യന്‍ കയറ്റുമതികള്‍.

പാക്കിസ്ഥാന് നിര്‍ണായകം

മറുവശത്ത്, പാകിസ്ഥാനില്‍ നിന്നും പ്രധാനമായും ഡ്രൈ ഫ്രൂട്ട്സ്, ഈത്തപ്പഴം, ജിപ്സം, സിമന്‍റ്, ഗ്ലാസ്, ഉപ്പ്, വിവിധ ഔഷധസസ്യങ്ങള്‍ എന്നിവയാണ് ഈ ചെക്ക് പോസ്റ്റ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. അട്ടാരി അടച്ചുപൂട്ടുന്നത് ഈ ഉല്‍പ്പന്നങ്ങളുടെ നീക്കത്തെ സാരമായി ബാധിക്കും. ഇതിനകം തന്നെ ദുര്‍ബലവും തകര്‍ച്ചയിലുമായ ഇന്തോ പാക്ക് വ്യാപാര ബന്ധത്തിന് മറ്റൊരു പ്രഹരം ഏല്‍പ്പിക്കുന്നതാണ് നിലവിലെ സ്ഥിതിഗതികള്‍. 

വ്യാപാരത്തിന്‍റെ കണക്കുകള്‍

യുഎന്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്‍റ് (യുഎന്‍സിടിഎഡി), യുഎന്‍ കോംട്രേഡ് ഡാറ്റ എന്നിവ പ്രകാരം പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2018 ല്‍ 2.35 ബില്യണ്‍ ഡോളറായിരുന്നു. 2023-ല്‍ 530.91 മില്യണ്‍ ഡോളറില്‍ നിന്ന് 2024-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 127.21 ശതമാനം ഉയര്‍ന്ന് 1.21 ബില്യണ്‍ ഡോളറായി.