ഷെരീഫും അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറുകള്‍ ഒപ്പുവെച്ചത്.

പ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനും അസര്‍ബൈജാനും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നു. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി അസര്‍ബൈജാന്‍ പാകിസ്ഥാനുമായി 200 കോടി ഡോളറിന്റെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഷെരീഫും അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറുകള്‍ ഒപ്പുവെച്ചത്. അസര്‍ബൈജാന്‍ ആതിഥേയത്വം വഹിച്ച ഇക്കണോമിക് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അലിയേവിന്റെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വിശദമായ കരാറുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസര്‍ബൈജാനിലെ ഖാന്‍കെന്‍ഡിയില്‍ വെച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും അസര്‍ബൈജാന്‍ സാമ്പത്തിക മന്ത്രി മികയില്‍ ജബ്ബറോവും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ ഒപ്പിടുന്ന ചടങ്ങിന് ഷെരീഫും അലിയേവും സാക്ഷ്യം വഹിച്ചു. രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വ്യാപാര ബന്ധങ്ങള്‍ ചരിത്രപരമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അസര്‍ബൈജാനി പ്രസിഡന്റിന്റെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വിശദമായ കരാര്‍ ഒപ്പിടും. അലിയേവിന്റെ സന്ദര്‍ശന തീയതികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വര്‍ഷം തന്നെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് സൂചനകള്‍. പാകിസ്ഥാനും അസര്‍ബൈജാനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ അസര്‍ബൈജാന്‍ പാകിസ്ഥാന് പിന്തുണ നല്‍കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ശക്തമായ പ്രതിരോധ സഹകരണമുണ്ട്. ഇത് സാമ്പത്തിക സഹകരണത്തിലൂടെ കൂടുതല്‍ ദൃഢമാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയെ പിണക്കിയ അസര്‍ബൈജാന്‍

ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം തുടങ്ങിയപ്പോള്‍ പാക്കിസ്ഥാന് പിന്തുണകൊടുത്ത രണ്ട് രാജ്യങ്ങളാണ് തുര്‍ക്കിയും അസര്‍ബൈജാനും.. ലക്ഷകണക്കിന് ഇന്ത്യാക്കാര്‍ സന്ദര്‍ശിക്കുന്ന ഈ രണ്ട് രാജ്യങ്ങളെ ബഹിഷ്‌കരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് വിനോദ സഞ്ചാരികള്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023 ല്‍ അസര്‍ബൈജാന്റെ അസംസ്‌കൃത എണ്ണയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അസര്‍ബൈജാന്റെ മൊത്തം അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 7.6% ഇന്ത്യയിലേക്കാണ്. പതിനായിരം കോടിയിലേറെ രൂപയുടെ എണ്ണ ഇന്ത്യ അസര്‍ബൈജാനില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അസര്‍ബൈജാനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2005-ല്‍ ഏകദേശം 50 മില്യണ്‍ ഡോളറില്‍ നിന്ന് 2023-ല്‍ 1.435 ബില്യണ്‍ ഡോളറായി ഗണ്യമായി വര്‍ദ്ധിച്ചു, അത് വഴി ഇന്ത്യ അസര്‍ബൈജാന്റെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയായി. അസര്‍ബൈജാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 1.235 ബില്യണ്‍ ഡോളറും കയറ്റുമതി 201 മില്യണ്‍ ഡോളറുമാണ്.