വിനോദ സഞ്ചാരികളുടെ ബുക്കിംഗുകളിലെ കുത്തനെയുള്ള ഇടിവ്, വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള വിമാനങ്ങളുടെ സർവ്വീസ് കുറയ്ക്കൽ എന്നിവ ജപ്പാനെ ബാധിച്ചു.
ഒറ്റ പ്രവചനം ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിച്ചത് കണ്ടിട്ടുണ്ടോ? ജപ്പാനിൽ അടുത്തിടെ നടന്നത് അതാണ്. ഇന്ന്, അതയത് ജൂലൈ അഞ്ചിന് ജപ്പാനിൽ വലിയൊരു ഭൂകമ്പം നടക്കുമെന്ന് ജാപ്പനീസ് മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകി നടത്തിയ പ്രവചനം ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കി. ജാപ്പനീസ് സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരും ഈ പ്രവചനത്തെ ശക്തമായി നിഷേധിച്ചിച്ചിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പ്രവചനം തട്ടിപ്പാണെന്ന് പറഞ്ഞ് ജപ്പാൻ കാലാവസ്ഥാ ഏജൻസി തള്ളിക്കളഞ്ഞെങ്കിലും ജപ്പാന്റെ നഷ്ടം കുറയ്ക്കാൻ കഴിഞ്ഞില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിയോ തത്സുകിയുടെ പ്രവചനം വൈറലായതോടെ ഏഷ്യൻ രാജ്യങ്ങളിൽ, ഇത് വ്യാപകമായ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിരുന്നു. ഭൂകമ്പം സുനാമിക്ക് കാരണമായാൽ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടാകുമെന്ന പരിഭ്രാന്തി നിമിഷങ്ങൾക്കുള്ളിലാണ് പടർന്നത്. ഇതോടെ ഈ വൈറൽ പ്രവചനം ജപ്പാന്റെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള നിരവധി വിദേശ വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്രകൾ റദ്ദാക്കി. സന്ദർശകരുടെ എണ്ണം കുറഞ്ഞതിനാൽ ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ കുറച്ചിട്ടുണ്ട്, കൂടാതെ, ജപ്പാൻ ടൂറിസത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ചൈനീസ് സഞ്ചാരികളും യാത്രകൾ ഒഴിവാക്കിയത് ജപ്പാന് വലിയൊരു തിരിച്ചടിയായി.
‘ഞാൻ കണ്ട ഭാവി’ എന്ന പുസ്തകം എഴുതിയ 70 വയസ്സുള്ള ജാപ്പനീസ് എഴുത്തുകാരിയാണ് മാംഗ ആർട്ടിസ്റ്റ് റിയോ തത്സുക. 'ദി ഫ്യൂച്ചർ ഐ സോ' എന്ന തന്റെ പുസ്തകത്തിലാണ് അവർ ഇങ്ങനെയൊരു പ്രവചനം നടത്തിയിരിക്കുന്നത്. ജൂൺ തുടക്കത്തിൽ ആണ് റിയോ തത്സുക ജപ്പാനിൽ ജൂലൈ 5 ന് ഒരു മാഹാദുരന്തം സംഭവിക്കാൻ പോകുന്നു എന്നുള്ള പ്രവചനം നടത്തിയത്. പിന്നീട് തന്റെ പ്രവചനങ്ങളെ അധികം ഗൗരവമായി കാണരുതെന്നും പകരം വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കണമെന്നും അവർ ആളുകളോട് അഭ്യർത്ഥിച്ചു. ജാപ്പനീസ് സർക്കാരും ജപ്പാൻ കാലാവസ്ഥാ ഏജൻസിയും ഈ പ്രവചനത്തെ ഔദ്യോഗികമായി തന്നെ തള്ളി കളഞ്ഞു. എന്നാൽ ജപ്പാന്റെ ടൂറിസം വ്യവസായത്തിന് 3,42,00,62,00,000 കോടി രൂപയുടെ, അല്ലെങ്കിൽ 4 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഹോങ്കോംഗ്, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ബുക്കിംഗുകളിലെ കുത്തനെയുള്ള ഇടിവ്, വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള വിമാനങ്ങളുടെ സർവ്വീസ് കുറയ്ക്കൽ എന്നിവ ജപ്പാനെ ബാധിച്ചു. പ്രാദേശിക ബിസിനസുകളിലും ടൂറിസത്തെ ആശ്രയിച്ചുള്ള മേഖലകളെയും വലിയ തോതിൽ ബാധിച്ചു.