Asianet News MalayalamAsianet News Malayalam

വായ്പ തട്ടിപ്പ് വീണ്ടും; 414 കോടി കടമെടുത്ത് കമ്പനി ഡയറക്ടര്‍മാര്‍ രാജ്യം വിട്ടു, പരാതിയുമായി എസ്ബിഐ

വായ്പയെടുത്ത് മുങ്ങിയവര്‍ക്കെതിരെ പരാതി നല്‍കാന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നു. ഇവരെ കാണാതായി നാല് വര്‍ഷത്തിന് ശേഷമാണ് എസ്ബിഐ പരാതിയുമായി രംഗത്തെത്തിയത്.
 

Bank Defaulter Flees Country, SBI Complains After 4 Years
Author
New Delhi, First Published May 9, 2020, 4:29 PM IST

ദില്ലി: 414 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ കമ്പനി ഡയറക്ടര്‍മാര്‍ രാജ്യം വിട്ടു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബസുമതി അരി കയറ്റുമതി കമ്പനിയായ രാംദേവ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരാണ് രാജ്യം വിട്ടത്. ഇവരെ 2016 മുതല്‍ കാണാനില്ലെന്ന് കാണിച്ച് എസ്ബിഐ സിബിഐക്ക് പരാതി നല്‍കി. ആറ് ബാങ്കുകളില്‍ നിന്നായാണ് ഇത്രയും തുക വായ്പയെടുത്തത്. ഫെബ്രുവരി 25നാണ് എസ്ബിഐ പരാതിയുമായി രംഗത്തെത്തിയത്. ഏപ്രില്‍ 28നാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ 2016 മുതല്‍ കാണാനില്ലെന്ന് വ്യക്തമായി. 

എസ്ബിഐ- 173.11 കോടി, കാനറ ബാങ്ക്-76.09 കോടി, യൂണിയന്‍ ബാങ്ക് 51.31 കോടി, സെന്‍ട്രല്‍ ബാങ്ക്-36.91 കോടി, കോര്‍പ്പറേഷന്‍ ബാങ്ക്-12.27 കോടി എന്നിങ്ങനെയാണ് കണക്ക്. 
എസ്ബിഐയുടെ പരാതിയെ തുടര്‍ന്ന് കമ്പനിക്കെതിരെയും ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത എന്നിവര്‍ക്കെതിരെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസുകള്‍ രജിസ്്റ്റര്‍ ചെയ്തു. എസ്ബിഐ പരാതിയനുസരിച്ച് 2016ല്‍ തന്നെ കമ്പനിയുടെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയില്‍(എന്‍പിഎ) ഉള്‍പ്പെടുത്തിയിരുന്നു. 

കണക്കുകളില്‍ കൃത്രിമം, സാധനസാമഗ്രികള്‍ നിയമവിരുദ്ധമായി മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐ നിയമനടപടി സ്വീകരിച്ചത്. 
കിട്ടാക്കടമായി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ കമ്പനി ഡയറക്ടര്‍മാരെ കാണാനുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വായ്പയെടുത്തവര്‍ രാജ്യം വിട്ടിരിക്കാമെന്നും പരാതിയില്‍ വ്യക്തമാക്കി. 

വായ്പയെടുത്ത് മുങ്ങിയവര്‍ക്കെതിരെ പരാതി നല്‍കാന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നു. ഇവരെ കാണാതായി നാല് വര്‍ഷത്തിന് ശേഷമാണ് എസ്ബിഐ പരാതിയുമായി രംഗത്തെത്തിയത്. ഇവരെ കാണാനില്ലെന്ന് ഒരു വര്‍ഷം മുമ്പേ നിയമപരമായി അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്നാണ് എസ്ബിഐയുടെ വാദം. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2018ല്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലില്‍ പരാതി എത്തിയിരുന്നു.

തുടര്‍ന്ന് മൂന്ന് തവണയാണ് കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്. 2018 ഡിസംബറില്‍ ഡയറക്ടര്‍മാര്‍ ദുബായിലേക്ക് മുങ്ങിയതായും ട്രൈബ്യൂണല്‍ അറിയിപ്പ് നല്‍കി. വായ്പാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios