വ്യാപാരത്തിലെ ഈ അന്തരം കുറയ്ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുകയല്ല, മറിച്ച് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുകയാണ് വേണ്ടതെന്ന് പുടിന്‍

ന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ രൂപയും റൂബിളും ഉപയോഗിക്കുന്നതിനുള്ള തടസ്സം രാഷ്ട്രീയ കാരണങ്ങളല്ലെന്നും, മറിച്ച് സാമ്പത്തികപരമായ ചില പ്രായോഗിക ബുദ്ധിമുട്ടുകളാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. 'ഡോളറിന് ബദലായുള്ള പണമിടപാട് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ അമിത വേഗത പാടില്ലെന്നും യൂറോപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുമിഞ്ഞുകൂടുന്ന 'രൂപ', വാങ്ങാന്‍ സാധനങ്ങളില്ല

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തിലെ അസന്തുലിതാവസ്ഥയാണ് രൂപയിലുള്ള ഇടപാടിന് വെല്ലുവിളിയാകുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോാതില്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വളവും വാങ്ങുന്നുണ്ട്. ഇതിനെല്ലാം പകരമായി റഷ്യയ്ക്ക് ലഭിക്കുന്നത് ഇന്ത്യന്‍ രൂപയാണ്. എന്നാല്‍, ഈ രൂപ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് എന്ത് വാങ്ങും എന്നതാണ് റഷ്യ നേരിടുന്ന പ്രധാന ചോദ്യം.തങ്ങളുടെ കൈവശം വരുന്ന രൂപ ഉപയോഗിച്ച് റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് എന്ത് വാങ്ങാന്‍ സാധിക്കും എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.

തിടുക്കം വേണ്ട; യൂറോപ്പിനെ കണ്ടുപഠിക്കണം

ബ്രിക്‌സ് കറന്‍സി പോലെ പുതിയ പേയ്മെന്റ് സംവിധാനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തിടുക്കം കാണിക്കരുതെന്ന് പുടിന്‍ ഓര്‍മ്മിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ യൂറോ കറന്‍സി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ പാളിച്ചകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ഒരേ നിലവാരത്തിലല്ലാത്ത രാജ്യങ്ങള്‍ ഒരൊറ്റ കറന്‍സിയിലേക്ക് മാറിയാല്‍ അത് വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിഹാരം നിരോധനമല്ല, കൂടുതല്‍ വാങ്ങലാണ്

വ്യാപാരത്തിലെ ഈ അന്തരം കുറയ്ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുകയല്ല, മറിച്ച് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുകയാണ് വേണ്ടതെന്ന് പുടിന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാമെന്ന് കണ്ടെത്താന്‍ റഷ്യന്‍ ഇറക്കുമതിക്കാരുടെ ഒരു പ്രത്യേക യോഗം വിളിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അത്യാവശ്യമായ വളം കൂടുതല്‍ നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം റഷ്യ അംഗീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ വ്യാപാരം വിപുലീകരിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.