പൊതുവെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശനിരക്കാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. രണ്ട് വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ആറ് ബാങ്കുകള്‍ ഇവയാണ്.

കൈയ്യിലുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കണമെങ്കില്‍ ഭൂരിഭാഗം ആളുകളും നിക്ഷേപ ഓപ്ഷനായി തെരഞ്ഞെടുക്കുന്നത് സ്ഥിരനിക്ഷേപങ്ങള്‍ തന്നെയാണ്. കാരണം മറ്റ് നിക്ഷേപപദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നിക്ഷേപകര്‍ക്ക് ഗ്യാരണ്ടീഡ് റിട്ടേണ്‍ നല്‍കുന്നു എന്നതും സുരക്ഷിതവുമാണ് എന്നതുമാണ് പ്രധാന കാരണം. ആര്‍ബിഐ റിപ്പോ നിരക്കുയര്‍ത്തിയതിന് ശേഷം പൊതുവ സ്ഥിരനിക്ഷേപപലിശനിരക്കും ആകര്‍ഷകമാണ്. ഒരു നിക്ഷേപകന്‍ പണം ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മികച്ച റിട്ടേണ്‍ ലഭിക്കുമെന്ന ഉറപ്പുമുണ്ട്. മാത്രമല്ല കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം ആവശ്യമായി വരുമ്പോള്‍, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനത്തിനോ നാമമാത്രമായ പിഴയടച്ച് സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാവുന്നതുമാണ്. മാത്രമല്ല, ചില ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ സാധാരണ പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വ്യത്യസ്ത നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുകയും ചെയ്യും. പൊതുവെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശനിരക്കാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. രണ്ട് വര്‍ഷത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ആറ് ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ALSO READ: 'കാലം മാറി കഥ മാറി', മെയ് മാസത്തിലെ അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം


ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതല്‍ 24 മാസത്തില്‍ താഴെ വരെയുള്ള എഫ്ഡികള്‍ക്ക് 8 ശതമാനം പലിശയാണ് നല്‍കുന്നത്. 15 മാസം മുതല്‍ 24 മാസം വരെയുള്ള 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കു ഉയര്‍ന്ന നിരക്കായ 8.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ബന്ധന്‍ ബാങ്ക്

7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബന്ധന്‍ ബാങ്ക് പൊതുജനങ്ങള്‍ക്ക് 3 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷവും, 7 മാസവും 20 ദിവസവും കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബാങ്ക് 8.50 ശതമാനം എന്ന ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 6 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ ഉണ്ട്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍, 18 മാസവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെയുള്ള് മുതിര്‍ന്ന പൗരന്‍മാരുടെ 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്. ഇതേ കാലയളവിലെ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ നല്‍കുന്നത്. കൂടാതെ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് പൊതുജനങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെയും, 367 ദിവസം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 7.25 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷവും 6 മാസവും മുതല്‍ 2 വര്‍ഷവും 9 മാസം വരെയുള്ള കാലയളവിലുള്ള എഫ്ഡികള്‍ക്ക് ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരാക്കായ് 7.75 ശതമാനം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സമാന കാലയളവിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

യെസ് ബാങ്ക്

7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് യെസ് ബാങ്ക് പൊതുജനങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ നിരക്ക് നല്‍കുന്നു. 15 മാസം മുതല്‍ 35 മാസത്തില്‍ താഴെ വരെയുള്ള കാലയളവില്‍ ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 7.50 ശതമാനം വാഗ്ദാനം ചെയ്യുന്നു.

ആര്‍ബിഎല്‍ ബാങ്ക്

7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്കുള്ള എഫ്ഡികള്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് പൊതുജനങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 7.80 ശതമാനം വരെ പലിശ നിരക്ക് നല്‍കിവരുന്നു. 453 മുതല്‍ 459 ദിവസം വരെ (15 മാസം) കാലാവധിയില്‍ 7.80 ശതമാനം പലിശ നിരക്ക് ബാങ്ക് ലഭ്യമാക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് സമാന നിക്ഷേപങ്ങള്‍ക്ക് 8.30 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.