Asianet News MalayalamAsianet News Malayalam

പേഴ്‌സണൽ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിക്കുന്നത് എന്തുകൊണ്ടായിരിക്കും; കാരണങ്ങൾ ഇവയാകാം

ക്രെഡിറ്റ് സ്കോര്‍ പരിധിക്കപ്പുറം കുറഞ്ഞാല്‍ ഒരു ലോണും ബാങ്കുകള്‍ അനുവദിക്കില്ല. ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിനുള്ള പ്രധാനപ്പെട്ട കാരങ്ങള്‍ ഇവയാണ്

banks rejected your personal loan application these are the factors
Author
First Published Mar 26, 2024, 5:47 PM IST

ബാങ്കുകളൊക്കെ വ്യക്തികളുടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചാണ് വായ്പയും ക്രെഡിറ്റ് കാര്‍ഡുമൊക്കെ നല്‍കുന്നത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ സ്കോറാണ് രാജ്യത്ത് ബാങ്കുകള്‍ ഇതിനായി ആശ്രയിക്കുന്നത്. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ 750ന് മുകളില്‍ ഉള്ള വ്യക്തികള്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടികാണിക്കാറില്ല. സ്കോര്‍ അല്‍പ്പം കുറഞ്ഞാലും ചിലപ്പോള്‍ പലിശ നിരക്ക് കൂട്ടി ലോണ്‍ അനുവദിക്കും. ക്രെഡിറ്റ് സ്കോര്‍ പരിധിക്കപ്പുറം കുറഞ്ഞാല്‍ ഒരു ലോണും ബാങ്കുകള്‍ അനുവദിക്കില്ല. ക്രെഡിറ്റ് സ്കോര്‍ കുറയുന്നതിനുള്ള പ്രധാനപ്പെട്ട കാരങ്ങള്‍ ഇവയാണ്

1. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍/വായ്പാ തിരിച്ചടവ്

ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലുകളും വായ്പകളുടെ തിരിച്ചടവുമൊന്നും കൃത്യമായി ശ്രദ്ധിക്കാത്ത ഒട്ടേറെ പേരുണ്ട്. അവസാന തീയ്യതിക്ക് മുമ്പ് പണം അടച്ചില്ലെങ്കില്‍ ബാങ്കില്‍ നിങ്ങളെക്കുറിച്ച് അത് ഒരു മോശം അഭിപ്രായമാണ് ഉണ്ടാക്കുക. പിഴ ഒഴിവാക്കാന്‍ ബാങ്ക് നിഷ്കര്‍ഷിക്കുന്ന കുറഞ്ഞ തുകയെങ്കിലും അവസാന തീയ്യതിക്ക് മുമ്പ് അടയ്ക്കണം. അവസാന തീയതിക്ക് ശേഷം പണമടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ താഴാന്‍ ഏറ്റവും വലിയൊരു കാരണമാണ്. എത്ര ദിവസം വൈകുന്നുവെന്നതും സ്ഥിരമായി തിരിച്ചടവ് മുടക്കുന്നതും സ്കോര്‍ പിന്നെയും കുറയാന്‍ ഇടയാക്കും. നല്ല ക്രെഡിറ്റ് സ്കോര്‍ ലക്ഷ്യമിടുന്നെങ്കില്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും സമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം

2. ലോണ്‍ തിരിച്ചടവ് മുടക്കിയാല്‍

നിങ്ങള്‍ കൃത്യമായി തിരിച്ചടയ്ക്കും എന്ന ഉറപ്പിലാണ് ബാങ്ക് നിങ്ങള്‍ക്ക് ലോണ്‍ തരുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ആ ഉറപ്പ് ഒരിക്കല്‍ ലംഘിച്ചാല്‍ ബാങ്കിന് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടും. മാത്രമല്ല വിശ്വസിക്കാന്‍ പറ്റാത്ത ആളാണ് നിങ്ങളെന്ന് ബാങ്ക്, ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിക്ക് വിവരവും നല്‍കും. പിന്നെ ഒരു ബാങ്കും നിങ്ങളെ വിശ്വസിക്കില്ല. പലപ്പോഴും വായ്പ തിരിച്ചടയ്ക്കാത്തവരെ ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് വിളിക്കാറുണ്ട്. ചിലരെങ്കിലും ബാങ്കുകള്‍ പലിശ എഴുതിത്തള്ളി ഒത്തുതീര്‍പ്പിന് വിളിക്കട്ടെയെന്ന് കരുതി മനഃപൂര്‍വ്വം ലോണ്‍ തിരിച്ചടക്കാറില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരെചൊവ്വേ വായ്പകള്‍ തിരിച്ചടച്ചാല്‍ കൊടുക്കേണ്ടി വരുന്ന പണത്തേക്കള്‍ നിങ്ങള്‍ക്ക് ലാഭം ഉണ്ടായെന്നിരിക്കും. എന്നാല്‍ നിങ്ങള്‍ ലോണ്‍ മുടക്കം വരുത്തിയെന്നും ഒടുവില്‍ ഒത്തുതീര്‍പ്പാക്കിയെന്നുമുള്ള വിവരം ബാങ്ക് സിബിലിനെ അറിയിക്കും. ഇത്തരമൊരു കാര്യം നിങ്ങളുടെ പേരില്‍ സിബില്‍ രേഖകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടാല്‍ അടുത്ത ഏഴ് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ കിട്ടില്ല. നിങ്ങളെ അല്‍പ്പം പോലും വിശ്വാസ്യതയില്ലാത്ത വ്യക്തിയായും ഒരു ബാധ്യതയായും ബാങ്ക് കണക്കാക്കും.

3. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം

ക്രെഡിറ്റ് കാര്‍ഡിന്റെ പരമാവധി ഉപയോഗ പരിധിക്കപ്പുറത്തേക്ക് (credit limit) എപ്പോഴും എത്തിക്കുന്നത് ക്രെഡിറ്റ് സ്കോര്‍ താഴാന്‍ ഇടയാക്കും. ഒരു ലക്ഷം രൂപയാണ് നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റെങ്കില്‍ അതും കവിഞ്ഞ് സ്ഥിരമായി നിങ്ങള്‍ ഇതിന്റെ 30 ശതമാനത്തിലധികം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ താഴാനുള്ള ഒരു കാരണമാണത്. ഒന്നിലധികം കാര്‍ഡുകളുണ്ടെങ്കില്‍ ഇവയില്‍ എല്ലാത്തിലേയും ലിമിറ്റ് സൂക്ഷിക്കണം. നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗമുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് പരിധി ഉയര്‍ത്താന്‍ അപേക്ഷ നല്‍കണം.

4. ക്രെഡിറ്റ് അനുപാതത്തിലെ പിശകുകള്‍

ഗ്യാരന്റിയില്ലാത്ത ലോണുകള്‍ വര്‍ദ്ധിക്കുന്നത് ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കുന്ന ഒരു ഘടകമാണ്. വ്യക്തിഗത വായ്പകള്‍ (Personal Loans), ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയാണ് ഗ്യാരന്റിയില്ലാത്ത ലോണുകളായി കണക്കാക്കുന്നത്. ഇതിന് പകരം സ്വര്‍ണ്ണം, ഭൂമി, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ ഈട് വെച്ചോ അല്ലെങ്കില്‍ ഭവന, വാഹന വായ്പകളായോ കടമെടുക്കാവുന്നതാണ്. ഇത്തരം വായ്പകള്‍ക്ക് നിങ്ങള്‍ ബാങ്കില്‍ ഈട് നല്‍കുന്നതിനാല്‍ അവ ഉയര്‍ന്ന സ്കോര്‍ നല്‍കും. മറിച്ച് പേഴ്സണല്‍ ലോണുകള്‍ വല്ലാതെ കൂടിയാല്‍ എന്തിനും കടം വാങ്ങുന്നയാളാണ് നിങ്ങളെന്ന ഇമേജായിരിക്കും ക്രെഡിറ്റ് സ്കോറില്‍ പ്രതിഫലിക്കുക. അതുകൊണ്ട് തന്നെ ഗ്യാരന്റി ഉള്ളതും ഇല്ലാത്തതുമായ ലോണുകള്‍ക്കിടയില്‍ ഒരു നല്ല അനുപാതം കാത്ത് സൂക്ഷിക്കണം.

5. വായ്പകള്‍ തിരിച്ചടയ്ക്കുന്ന രീതി

ലോണ്‍ എടുക്കുമ്പോള്‍ തന്നെ എങ്ങനെ തിരിച്ചടയ്ക്കും എന്ന് വ്യക്തമായി പ്ലാന്‍ ചെയ്യാത്തവരാണ് പലരും. ഒരിക്കല്‍ എടുക്കുന്ന പേഴ്സണല്‍ ലോണ്‍ പോലുള്ളവ കാലാവധി പൂര്‍ത്തിയാവും മുമ്പ് തിരിച്ചടയ്ക്കുന്നതും സ്കോര്‍ കുറയാന്‍ ഇടയാക്കുന്നതാണ്. നിങ്ങളില്‍ നിന്ന് ബാങ്ക് പ്രതീക്ഷിച്ച പലിശ വരുമാനം കിട്ടാതെ വരമ്പോഴാണ് ബാങ്ക് ഇങ്ങനെ സ്കോര്‍ കുറയ്ക്കുന്നത്. പേഴ്സണല്‍ ലോണ്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് ഒരു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാന്‍ കഴിയുമെങ്കില്‍, കാലാവധി ഒരു വര്‍ഷമാക്കി തന്നെ നിജപ്പെടുത്തി ലോണ്‍ എടുക്കുക. അല്ലാതെ ഒരു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം എന്നാലും രണ്ട് വര്‍ഷം കാലാവധി ആയിക്കോട്ടെ എന്ന് വിചാരിക്കരുത്. നിങ്ങള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ ആ വായ്പ തിരിച്ചടയ്ക്കുകയാണെങ്കില്‍ അടുത്ത ഒരു വര്‍ഷത്തെ പലിശ ബാങ്കിന് നഷ്ടമാവുകയാണ്. എത്ര രൂപവെച്ച് എത്ര നാള്‍ കൊണ്ട് തിരിച്ചടച്ച് തീര്‍ക്കും എന്ന് വ്യക്തമായ ആസൂത്രണം നടത്തിയതിന് ശേഷം മാത്രം വായ്പകള്‍ എടുക്കുക. തിരിച്ചടവില്‍ അച്ചടക്കം പാലിക്കുക.

Follow Us:
Download App:
  • android
  • ios