Asianet News MalayalamAsianet News Malayalam

വിടവാങ്ങുന്നത് ഇന്ത്യയുടെ 'വാറൻ ബഫറ്റ്' ; ഇന്ത്യയ്ക്ക് ആരാണ് രാകേഷ് ജുൻജുൻവാല

ഇന്ത്യന്‍ നിക്ഷേപ മേഖലയില്‍ ഇതിഹാസ സമാനമായ ഒരു കഥയാണ് രാകേഷ് ജുൻജുൻവാലയുടെത്.
1960 ജൂലൈ 5 ന് ഒരു ഇടത്തരം കുടുംബത്തിലാണ് രാകേഷ് ജുൻജുൻവാല ജനിച്ചത്.

Billionaire investor Rakesh Jhunjhunwala passes away  who is rakesh jhunjhunwala
Author
Mumbai, First Published Aug 14, 2022, 10:00 AM IST

മുംബൈ: ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തയാണ് ഇന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയ രാകേഷ് ജുൻജുൻവാല. ഞായറാഴ്ച രാവിലെ 6:45 ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ നെഞ്ചുവേദനയെ തുടര്‍ന്ന് ഇദ്ദേഹത്തെ എത്തിക്കുകയായിരുന്നു, തുടര്‍ന്ന്  മരിച്ചതായി പ്രഖ്യാപിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത് എന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്.

ഇന്ത്യന്‍ നിക്ഷേപ മേഖലയില്‍ ഇതിഹാസ സമാനമായ ഒരു കഥയാണ് രാകേഷ് ജുൻജുൻവാലയുടെത്. 1960 ജൂലൈ 5 ന് ഒരു ഇടത്തരം കുടുംബത്തിലാണ് രാകേഷ് ജുൻജുൻവാല ജനിച്ചത്.  പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഈക്കാലത്ത് തന്നെയാണ ഓഹരിവിപണിയിലെ അരങ്ങേറ്റവും

1985 ൽ വെറും 5,000 രൂപയുമായാണ് ഇദ്ദേഹം ദാലാല്‍ സ്ട്രീറ്റിലെ ഓഹരി വിപണിയിൽ എത്തിയത്. അന്ന് അദ്ദേഹം കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഫോർബ്സ് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5.5 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ കൂട്ടത്തില്‍.

ജുൻ‌ജുൻ‌വാല പറയുന്നതനുസരിച്ച്, പിതാവിന്റെ വാക്കുകൾ കേട്ടതിന് ശേഷമാണ് അദ്ദേഹം ഓഹരി വിപണിയിൽ താൽപ്പര്യം വളർത്തിയെടുത്തത്. റിസ്ക് എടുക്കുക ലാഭം ഉണ്ടാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ നിക്ഷേപ രീതി തന്നെ. തന്‍റെ കരിയറിന്റെ തുടക്കം മുതൽ ഓഹരികളിൽ റിസ്ക് എടുക്കുന്ന വ്യക്തിയാണ്  രാകേഷ് ജുൻജുൻവാല. അതിനാല്‍ തന്നെ വളരെ വിചിത്രമായ രീതികള്‍ നിക്ഷേപ രംഗത്ത് ഇദ്ദേഹം എടുക്കുകയും അതില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. 

1986-ൽ ടാറ്റ ടീ ഓഹരികൾ വാങ്ങിയപ്പോൾ രാകേഷ് ജുൻജുൻവാല തന്‍റെ ആദ്യത്തെ വലിയ ലാഭം നേടി. ടാറ്റ ടീയുടെ 5,000 ഓഹരികൾ വെറും 43 രൂപയ്ക്ക് അദ്ദേഹം വാങ്ങി, പിന്നീട് ആ സ്റ്റോക്ക് മൂന്ന് മാസത്തിനുള്ളിൽ 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം ലാഭം നേടി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജുൻജുൻവാല 20-25 ലക്ഷം രൂപ നേടി തന്‍റെ ഓഹരി വിപണിയിലെ കരുത്ത് അറിയിച്ചു.

ഓഹരി വിപണിയില്‍ എന്നും സാഹസികമായി നീങ്ങുന്നതില്‍ രാകേഷ് ജുൻജുൻവാലയ്ക്ക് ചില ആദര്‍ശങ്ങള്‍ ഉണ്ട്, "നിങ്ങൾ ഒരു റിസ്ക് എടുക്കുമ്പോൾ നിങ്ങൾ അത് ബോധവാനായിരിക്കണം. കാര്യങ്ങൾ നിങ്ങൾക്ക് എതിരായാൽ നിങ്ങൾക്ക് അത് സഹിക്കാൻ കഴിയണം. അത് നിങ്ങളെ വൈകാരികമായി ബാധിക്കരുത്, ഫലം പിന്നീട് വരും" രാകേഷ് ജുൻജുൻവാല തന്‍റെ അവസാന പൊതു പരിപാടിയിലും പറഞ്ഞത് ഇതാണ്. 

വൈവിദ്ധ്യമായ കമ്പനികളില്‍ നിക്ഷേപം നടത്തുക എന്ന രീതിയാണ് രാകേഷ് ജുൻജുൻവാല പലപ്പോഴും പിന്തുടര്‍ന്നത്.  പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

തന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ആകാശ എയർ വിമാനസർവീസ് ആരംഭിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ് ബുള്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ വിടവാങ്ങല്‍. 

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

Follow Us:
Download App:
  • android
  • ios