ആരാണ് ഈ സതോഷി നകാമോട്ടോ? ക്രിപ്റ്റോ ലോകത്തിലെ ഈ അതികായന്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

ധുനിക കാലത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് ‘സതോഷി നകാമോട്ടോ’. ബിറ്റ്‌കോയിന്റെ പിറവിക്ക് പിന്നുള്ള ഈ വ്യക്തി ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയാണോ അതോ ഒരു കൂട്ടം ആളുകളാണോ ഈ പേരിന് പിന്നില്‍ എന്ന് ഇന്നും ലോകത്തിന് അജ്ഞാതമാണ്. എന്നാല്‍, ഈ നിഗൂഢ വ്യക്തിയുടെ ആസ്തി 12,892 കോടി ഡോളറാണ് (ഏകദേശം 11 ലക്ഷം കോടി രൂപ). പ്രമുഖ വ്യവസായി മൈക്കിള്‍ ഡെല്ലിന്റെ 12,480 കോടി ഡോളറിനെ (ഏകദേശം 10 ലക്ഷം കോടി രൂപ ) മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. 2008-ല്‍ ബിറ്റ്കോയിന്‍ വൈറ്റ്പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്‌കോയിൻ ബ്ലോക്ക് രൂപീകരിച്ചതും 'സതോഷി നകാമോട്ടോ' എന്ന പേരിലാണ്. ഏകദേശം 1.096 ദശലക്ഷം ബിറ്റ്കോയിനുകള്‍ കൈവശമുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ക്രിപ്റ്റോ ലോകത്തിലെ ഈ അതികായന്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

ആരാണ് ഈ സതോഷി നകാമോട്ടോ? സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഹാല്‍ ഫിന്നി, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ നിക്ക് സാബോ, കൂടാതെ ഇലോണ്‍ മസ്‌ക്, ജാക്ക് ഡോര്‍സി തുടങ്ങിയ പ്രമുഖര്‍ വരെ സതോഷി നകാമോട്ടോ ആയിരിക്കാം എന്ന് പലപ്പോഴും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഈ വ്യക്തികളെല്ലാം തങ്ങള്‍ക്ക് ഇതില്‍ പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ക്രെയ്ഗ് റൈറ്റ് താനാണ് സതോഷി നകാമോട്ടോ എന്ന് മുന്‍പ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഹൈക്കോടതി അദ്ദേഹത്തിന്റെ വാദങ്ങള്‍ കള്ളമാണെന്ന് കണ്ടെത്തുകയും ക്രെയ്ഗ് റൈറ്റ് സതോഷി നകാമോട്ടോ അല്ലെന്ന് വിധിക്കുകയും ചെയ്തു. സതോഷി നകാമോട്ടോയെ കണ്ടെത്താന്‍ മുന്‍പ് നിരവധി അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. 'മണി ഇലക്ട്രിക്: ദി ബിറ്റ്കോയിന്‍ മിസ്റ്ററി' എന്ന എച്ച്ബിഒ ഡോക്യുമെന്ററിയുടെ പ്രധാന വിഷയവും സതോഷി നകാമോട്ടോ ആയിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ പീറ്റര്‍ കെ. ടോഡ് എന്നൊരാളാണ് ബിറ്റ്കോയിന്‍ കണ്ടുപിടിച്ചതെന്ന് ആരോപിച്ചെങ്കിലും അദ്ദേഹം അത് നിഷേധിച്ചു.2011 വരെ സതോഷി നകാമോട്ടോ ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അതിനുശേഷം പൂര്‍ണ്ണമായും അപ്രത്യക്ഷനായെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 37 വയസ്സുള്ള ഒരു ജാപ്പനീസ് പൗരന്‍ ആണെന്നും യുകെയിലെ പകല്‍ സമയത്താണ് ഓണ്‍ലൈനില്‍ വന്നിരുന്നതെന്നും വ്യാപകമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുസ്തകങ്ങളിലും പ്രതിമകളിലും സതോഷി ബെഞ്ചമിന്‍ വാലസ് തന്റെ 'ദി മിസ്റ്റീരിയസ് മിസ്റ്റര്‍ നകാമോട്ടോ: എ ഫിഫ്റ്റീന്‍-ഇയര്‍ ക്വസ്റ്റ് ടു അണ്‍മാസ്‌ക് ദി സീക്രട്ട് ജീനിയസ് ബിഹൈന്‍ഡ് ക്രിപ്റ്റോ' എന്ന പുസ്തകത്തില്‍ സതോഷി നകാമോട്ടോയെ ഈ വ്യക്തി 'ഉണ്ടായേക്കാം ഇല്ലാതിരിക്കാം' എന്ന് വിശേഷിപ്പിക്കുന്നു. റാപ്പര്‍ യെ (കാനി വെസ്റ്റ്), മുന്‍പ് സതോഷി നകാമോട്ടോയുടെ പേരെഴുതിയ ബേസ്‌ബോള്‍ ഹാറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നിഗൂഢ വ്യക്തിയോടുള്ള ആദരസൂചകമായി, ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഗ്രാഫിസോഫ്റ്റ് പാര്‍ക്കില്‍ ഒരു ഹൂഡി ധരിച്ച സതോഷി നകാമോട്ടോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സതോഷിയുടെ പ്രതിമ ഒരു പൊതു മനുഷ്യരൂപത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കാരണം നിഗൂഢനായ ഈ ഡെവലപ്പറുടെ ലിംഗഭേദം, വംശം, പ്രായം, ഉയരം എന്നിവയൊന്നും നമുക്കറിയില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.