ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ക്രിപ്‌റ്റോ നേരിട്ടത്. നവമബർ 5ന് 7.4% വരെ ഇടിഞ്ഞ ബിറ്റ്‌കോയിന്‍ 96,794 ഡോളര്‍ എന്ന അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോകറന്‍സി വിപണിയെ ഞെട്ടിച്ച് ബിറ്റ്‌കോയിന്‍ വില കുത്തനെ ഇടിഞ്ഞു. നവംബർ 4ന് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറിന് താഴേക്ക് കൂപ്പുകുത്തിയതോടെ, കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ക്രിപ്‌റ്റോ നേരിട്ടത്. നവമബർ 5ന് 7.4% വരെ ഇടിഞ്ഞ ബിറ്റ്‌കോയിന്‍ 96,794 ഡോളര്‍ എന്ന അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കാത്തത് നിക്ഷേപകരെ കൂടുതല്‍ അപകടസാധ്യതയുള്ള ക്രിപ്‌റ്റോ പോലുള്ളവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൂടാതെ കഴിഞ്ഞ മാസം ക്രിപ്‌റ്റോ നിക്ഷേപകരുടെ വില ഉയരുമെന്ന് പ്രതീക്ഷിച്ചുള്ള പൊസിഷനുകളില്‍ കോടിക്കണക്കിന് ഡോളറിന്റെ ലിക്വിഡേഷനാണ് നടന്നത്. ഇത് വിപണിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി.
ബിറ്റ്‌കോയിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് എഥീറിയം ഏകദേശം 15% വരെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ക്രിപ്‌റ്റോ വിപണി മൂല്യത്തില്‍ ഏകദേശം 840 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി കോയിന്‍ മാര്‍ക്കറ്റ്കാപ്പ് ഡാറ്റ സൂചിപ്പിക്കുന്നു. ട്രംപിന്റെ താരിഫ് യുദ്ധം പുതിയ വഴിത്തിരിവിലെത്തിയതോടെ 2018 ന് ശേഷമുള്ള ബിറ്റ്‌കോയിന്റെ ഏറ്റവും മോശം പ്രകടനത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതും, ഡിജിറ്റല്‍ അസറ്റ് ട്രഷറി സ്ഥാപനങ്ങള്‍ വില്‍പ്പന നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ക്രിപ്‌റ്റോ വിപണിക്ക് വെല്ലുവിളിയാകുന്നുണ്ട്.
2025-ലെ ബിറ്റ്‌കോയിന്റെ കയറ്റിറക്കങ്ങള്‍
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങളെ ട്രംപ് ഭരണകൂടം പിന്തുണച്ചതോടെ 2025-ന്റെ തുടക്കത്തില്‍ ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോകറന്‍സികളും പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് 1,20,000 ഡോളറും കടന്നു മുന്നേറി. ട്രംപ് മീഡിയ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികള്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചതും കുതിപ്പിന് കാരണമായി. കൂടാതെ, കഴിഞ്ഞ മാസം യുഎസ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ബിറ്റ്‌കോയിന്‍ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെട്ടു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ഓഗസ്റ്റ് മാസത്തോടെ ഫെഡറല്‍ ബിറ്റ്‌കോയിന്‍ ശേഖരം 20 ബില്യണ്‍ ഡോളര്‍ വരെ ആസ്തിയായി ഉയര്‍ന്നതായി സൂചിപ്പിച്ചിരുന്നു.അതിന് ശേഷമാണ് ഇപ്പോഴത്തെ ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.


