ബിറ്റ്‌കോയിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തിലും ഇടിവ് ദൃശ്യമാണ്. 

ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ നിരക്കില്‍ വന്‍ ചാഞ്ചാട്ടം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 65,000 ഡോളറിന് സമീപം തുടര്‍ന്ന ബിറ്റ്‌കോയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ 30,000 ഡോളറിലേക്കും അവിടെ നിന്ന് 29,000 ഡോളറിലേക്കും കൂപ്പുകുത്തി. പിന്നീട് വാരാന്ത്യത്തില്‍ 31,000 ഡോളറിലേക്ക് തിരികെ കയറി. എങ്കിലും വീണ്ടും നിരക്ക് ഇടിവിനുളള സാധ്യത ശക്തമായി നിലനില്‍ക്കുന്നതായി അന്താരാഷ്ട്ര തലത്തിലെ വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ വലിയതോതില്‍ ആശങ്കയിലായി. ഒരാഴ്ചയ്ക്കിടെ ഏതാണ് 20 ശതമാനമാണ് ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ ചാഞ്ചാട്ടം ഉണ്ടായത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 64,829 ഡോളര്‍ നിലവാരത്തില്‍ തുടരുകയായിരുന്നു ബിറ്റ്‌കോയിന്‍.

ബിറ്റ്‌കോയിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തിലും ഇടിവ് ദൃശ്യമാണ്. അടുത്തകാലത്തായി ചൈനീസ് സര്‍ക്കാര്‍ നടത്തിയ ക്രിപ്‌റ്റോകറന്‍സി നിയന്ത്രണ നടപടികളുടെ ഫലമായാണ് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വലിയതോതില്‍ ഇടിവുണ്ടായത്. 

ഇന്ത്യ അടക്കമുളള ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ ക്രയവിക്രയം അനുവദിക്കുന്നില്ല. കേന്ദ്ര ബാങ്കുകളുടെ പിന്‍ബലമില്ലാതെ ലോകത്താകെ വ്യാപനം തുടരുന്ന കറന്‍സികളാണ് ബിറ്റ്‌കോയിന്‍ അടക്കമുളള ക്രിപ്‌റ്റോകറന്‍സികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona