Asianet News MalayalamAsianet News Malayalam

ലാറി ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത് എന്തിന്? അംബാനിയുടെ സ്വപ്നം സാക്ഷാല്‍ക്കപെടുമോ

ലോകത്തിലെ ഏറ്റവും വലിയ മണി മാനേജറായ ബ്ലാക്ക്റോക്കിന്‍റെ സിഇഒയുടെ സന്ദര്‍ശനം എന്ത് സര്‍പ്രൈസാണ് ഇന്ത്യന്‍ വാണിജ്യ ലോകത്തിന് നല്‍കുക എന്നത് നിര്‍ണായകമാണ്.

BlackRock CEO Larry Fink flies into India to meet Ambani APK
Author
First Published Oct 26, 2023, 7:08 AM IST

ലാറി ഫിങ്കിന്‍റെ കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യാ സന്ദര്‍ശനം  എന്തിനായിരിക്കും? ബിസിനസ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ ഇതാണ്. ലോകത്തിലെ ഏറ്റവും വലിയ മണി മാനേജറായ ബ്ലാക്ക്റോക്കിന്‍റെ സിഇഒയുടെ സന്ദര്‍ശനം എന്ത് സര്‍പ്രൈസാണ് ഇന്ത്യന്‍ വാണിജ്യ ലോകത്തിന് നല്‍കുക എന്നത് നിര്‍ണായകമാണ്.. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്   ജിയോ ഫിനാന്‍സ് എന്ന റിലയന്‍സിന്‍റെ പുതിയ കമ്പനി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചാണ് ലാറി ഇന്ത്യ വിട്ടത്.ബ്ലാക്ക്റോക്കിന്‍റേയും റിലയന്‍സിന്‍റേയും സംയുക്ത സംരംഭമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇരു കൂട്ടര്‍ക്കും തുല്യ നിക്ഷേപമാണ് കമ്പനിയിലുള്ളത്. ഇത്തവണ പക്ഷെ മുകേഷ് അംബാനിയെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടി കണ്ടാണ് ലാറി തിരിച്ചുപോയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

മുകേഷ് അംബാനി പല തവണയായി രാജ്യത്തെ സാമ്പത്തിക സേവന മേഖലയെ മാറ്റിമറിക്കത്തക്ക രീതിയില്‍ ഡേറ്റയും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. ബ്ലാക്ക്റോക്കിനാകട്ടെ അലാദീന്‍ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുണ്ട്. അസറ്റ്, ലയബിലിറ്റി,ആന്‍റ് ഡെറ്റ് ആന്‍റ് ഡെറിവേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് നെറ്റ് വര്‍ക്ക് എന്നതിന്‍റെ ചുരുക്ക രൂപമാണ് അലാദീന്‍. അംബാനിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ലാറി ഫിങ്കിന്‍റെ അലാദീന്‍ രംഗത്തിറങ്ങുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയും ലാറി ഇന്ത്യയിലെത്തിയതും അംബാനിയെ കണ്ടതും ഇതിന്‍റെ ഭാഗമായിരിക്കാം എന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്റോക്ക് നിക്ഷേപം, കമ്പനികളുടെ പ്രവര്‍ത്തനം, വിശകലനം എന്നീ മേഖലകളിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ഏഷ്യയില്‍ ആകെ 422 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് ബ്ലാക്ക് റോക്ക് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 15 ശതമാനം ഇന്ത്യയിലാണ്.

 

Follow Us:
Download App:
  • android
  • ios