ഡിവിഡന്റ്, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനം ഐ.ടി.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വെളിപ്പെടുത്തേണ്ടതുണ്ട്

2024-25-ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചതോടെ നികുതിദായകര്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിക്കണം. ഓഹരി വിപണിയില്‍ നിക്ഷേപമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യം ഡിവിഡന്റ്, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനം ഐ.ടി.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വെളിപ്പെടുത്തേണ്ടതുണ്ട് എന്നതാണ്. ഓഹരി നിക്ഷേപകര്‍ക്ക് ഇവയിലൂടെ ലഭിക്കുന്ന വരുമാനം നികുതിക്ക് വിധേയമാണ്. അതിനാല്‍, ഐ.ടി.ആര്‍. ഫയല്‍ ചെയ്യുമ്പോള്‍ ഈ വരുമാനം കൃത്യമായി രേഖപ്പെടുത്തണം.

ഡിവിഡന്റ് വരുമാനവും നികുതിയും

ഒരു ഓഹരി നിക്ഷേപകന് ഇടക്കാല ഡിവിഡന്റോ അന്തിമ ഡിവിഡന്റോ ലഭിക്കുമ്പോള്‍ അത് അധിക വരുമാനമായി കണക്കാക്കും. ഓഹരികള്‍ വില്‍ക്കാതെ തന്നെ ലഭിക്കുന്ന ഈ വരുമാനം, വാര്‍ഷിക വരുമാനത്തോടൊപ്പം ചേര്‍ത്ത് കണക്കാക്കണം. മൊത്തം വാര്‍ഷിക വരുമാനത്തിനനുസരിച്ചുള്ള നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

ഷെയര്‍ ബൈബാക്കും പുതിയ നികുതി നിയമവും

2024 ഒക്ടോബര്‍ ഒന്നിനു മുന്‍പ് ഷെയര്‍ ബൈബാക്ക് വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടിയിരുന്നില്ല. കാരണം കമ്പനികളാണ് ഇതിന്റെ നികുതി അടച്ചിരുന്നത്. എന്നാല്‍, 2024 ഒക്ടോബര്‍ ഒന്നിനു ശേഷം ഷെയര്‍ ബൈബാക്ക് വഴി ലഭിക്കുന്ന വരുമാനം നിക്ഷേപകന്റെ വരുമാനമായി കണക്കാക്കുകയും അതിന് നികുതി നല്‍കേണ്ടി വരികയും ചെയ്യും.

ബോണസ് ഓഹരിയും നികുതിയും

2024-25-ല്‍ ബോണസ് ഓഹരികള്‍ ലഭിച്ച ഒരാളെ സംബന്ധിച്ച്, അതിന്റെ അടിസ്ഥാന വില പൂജ്യമായിരിക്കും. ഈ ഓഹരികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍, അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് 20% ഹ്രസ്വകാല മൂലധന നേട്ട നികുതി നല്‍കണം. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം വില്‍ക്കുകയാണെങ്കില്‍ 1.25 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനത്തിന് 12.50% നികുതി നല്‍കേണ്ടി വരും