ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് താന്‍ ധനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ബ്രിട്ടണ്‍ ധനമന്ത്രി ഫിലിപ് ഹാമണ്ട് വ്യക്തമാക്കി. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്ന ബോറിസിന്‍റെ നയത്തോട് യോജിച്ച് പോകാന്‍ പറ്റാത്തത് കൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് ഹാമണ്ട് അഭിപ്രായപ്പെട്ടു. 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബുധനാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതോടെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന. ഇതോടെ ബുധനാഴ്ചയ്ക്ക് മുന്‍പ് ഫിലിപ് ഹാമണ്ടിന്‍റെ രാജി ഉണ്ടായേക്കും. ബോറിസ് ജോണ്‍സണിന്‍റെ നയങ്ങളോട് കടുത്ത എതിര്‍പ്പുളള വ്യക്തിയാണ് ഫിലിപ് ഹാമണ്ട്.