Asianet News MalayalamAsianet News Malayalam

ബൈജുവില്ലാത്ത ഫോബ്‌സിന്റെ സമ്പന്ന പട്ടിക; നഷ്ട കണക്കുകൾ ഇങ്ങനെ

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് ബൈജുവും അദ്ദേഹം സ്ഥാപിച്ച ബൈജൂസും. ഏറ്റവും അവസാനമായി കമ്പനി പുറത്തുവിട്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം ബൈജൂസിന്റെ അറ്റനഷ്ടം ഒരു ബില്യണ്‍ ഡോളറാണ്.

Byju Raveendran still a billionaire according to Forbes amid crisis?
Author
First Published Apr 3, 2024, 6:23 PM IST

ഫോർബ്സിന്‍റെ ഏറ്റവും പുതിയ  ലോക സമ്പന്ന പട്ടിക പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധേയമായ അസാന്നിധ്യം എജ്യൂടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രന്‍റേതാണ്. ഒരു കാലത്ത് ലോകസമ്പന്ന പട്ടികയില്‍ സ്ഥിരം ഉള്‍പ്പെട്ടിരുന്ന വ്യക്തിയാണ് ബൈജു. ഫോർബ്‌സ് തയാറാക്കിയ   സമ്പന്നരുടെ പട്ടികയിൽ   മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാമതും ഗൗതം അദാനി രണ്ടാമതും ആണ്.

 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് ബൈജുവും അദ്ദേഹം സ്ഥാപിച്ച ബൈജൂസും. ഏറ്റവും അവസാനമായി കമ്പനി പുറത്തുവിട്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം ബൈജൂസിന്റെ അറ്റനഷ്ടം ഒരു ബില്യണ്‍ ഡോളറാണ്. ഇതേ തുടർന്ന് ആഗോള ടെക് നിക്ഷേപകരായ പ്രോസസ്  ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചു. 2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതിൽ നിന്ന് 86% കുറവാണ്  വരുത്തിയത് .    പ്രോസസും ബ്ലാക്ക്‌റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുസിന്റെ മൂല്യം കഴിഞ്ഞ വർഷം മാർച്ചിൽ 11 ബില്യൺ ഡോളറായും മേയിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു.

കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.   ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം പലപ്പോഴായി നേടിയിരുന്നു.2011 നും 2023 നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ബൈജൂസിന് ലഭിച്ചു. ഏതാണ്ട് 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളർന്ന ബൈജൂസിന്റെ തകർച്ച വളരെ പെട്ടെന്നായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് നിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയുമുണ്ടായി. കമ്പനിയുടെ തലപ്പത്ത് നിന്ന് പലരും രാജിവച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

Follow Us:
Download App:
  • android
  • ios