തിരുവനന്തപുരം: ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്‍റെ (1,000 കോടി രൂപ) നിക്ഷേപം നേടിയെടുത്തു. ഖത്തര്‍ സര്‍ക്കാരിന്‍റെ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (ക്യുഐഎ) നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ നിക്ഷേപ റൗണ്ട്. 

ഖത്തറില്‍ നിന്ന് കൂടി നിക്ഷേപം എത്തിയതോടെ കമ്പനിയുടെ ആകെ മൂല്യം 40,000 കോടി രൂപയിലെത്തിയെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വര്‍ഷം അത് ഇരട്ടിയില്‍ ഏറെ ആകുമെന്നാണ് കണക്കാക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രന്‍. കര്‍ണാടകയിലെ ബാംഗ്ലൂര്‍ ആസ്ഥാനമായാണ് ബൈജൂസിന്‍റെ പ്രവര്‍ത്തനം. 

പുതുമകള്‍ സൃഷ്ടിക്കുന്നവര്‍ക്കിടയില്‍ നിക്ഷേപം നടത്താനുളള താല്‍പര്യമാണ് നിക്ഷേപത്തിന് പിന്നിലെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി സിഇഒ മന്‍സൂര്‍ അല്‍ അഹമ്മദ് പറഞ്ഞു.