ധനസമാഹാരത്തിനായി നിലവിലെ നിക്ഷേപകരെ സമീപിച്ച് ബൈജുസ്. ചെലവ് ചുരുക്കാൻ 2500 ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ബൈജൂസ് ധനസമാഹരണത്തിനുള്ള വഴികൾ തേടുകയാണ്
നിലവിലെ നിക്ഷേപകരിൽനിന്ന് കൂടുതൽ ധനസമാഹരണം നടത്തി ബൈജുസ്. 2023 മാർച്ച് മാസത്തോടെ ലാഭത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. എന്നാൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ആകെ മൂല്യത്തിൽ മാറ്റമില്ല. ഇതിപ്പോഴും 22 ബില്യൺ ഡോളറാണ്.
കമ്പനിക്ക് നിലവിൽ 150 ദശലക്ഷം സബ്സ്ക്രൈബഴ്‌സ് ആണ് ഉള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി മോശം ആയിരുന്നിട്ടുകൂടി, തങ്ങൾക്ക് വരുമാനം, വളർച്ച, ലാഭകരമായ മുന്നേറ്റം എന്നിവയിൽ നേട്ടമുണ്ടാക്കാനായെന്ന് ബൈജു രവീന്ദ്രൻ പറയുന്നു.
ALSO READ: രാജ്യത്ത് ഉള്ളി വില കുതിക്കുന്നു; പുതിയ വിളയെ കാത്ത് വ്യാപാരികൾ
ആറ് മാസം കൊണ്ട് ലാഭത്തിലെത്തുകയെന്ന ലക്ഷ്യം മുൻനിർത്തി മുന്നോട്ട് പോകുന്ന കമ്പനി ഈ അടുത്താണ് ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് 2500 ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
നിലവിൽ അരലക്ഷം പേർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിന്റെ 5 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. പ്രൊഡക്ട്, കണ്ടന്റ്, മീഡിയ, ടെക്നോളജി വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് പുറത്താക്കിയത്.
ജൂൺ മാസത്തിൽ ബൈജൂസ് 500 പേരെ പിരിച്ചുവിട്ടിരുന്നു. തങ്ങളുടെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിൽ നിന്നാണ് ജീവനക്കാരെ അന്ന് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കലായിരുന്നു അന്നത്തെയും ലക്ഷ്യം.
ALSO READ: ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും
ഇപ്പോഴത്തെ നീക്കത്തിലൂടെ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും ലാഭത്തിലെത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ നഷ്ടം 4588 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം ഉയർന്നതായിരുന്നു ആ വർഷത്തെ നഷ്ടം.
എന്നാൽ 2021 സാമ്പത്തിക വർഷത്തിൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി 2428 കോടി രൂപയുടെ വരുമാനമാണ് നേടിയിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എഡ്ടെക് കമ്പനികളിൽ നിരവധി കമ്പനികളെ തങ്ങളുടെ ഗ്രൂപ്പ് കമ്പനികളുടെ ഭാഗമാക്കുകയും ചെയ്തിരുന്നു ബൈജൂസ്
