രാജി വയ്ക്കുകയോ അല്ലാത്ത പക്ഷം ബെംഗലുരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ഓഫീസ് അടച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. രാജി വയ്ക്കുകയോ അല്ലാത്ത പക്ഷം ബെംഗലുരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 170 അധികം ജീവനക്കാരാണ് ബൈജൂസിന്‍റെ തിരുവനന്തപുരം ഓഫീസില്‍ സേവനം ചെയ്തിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാര്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ ചൊവ്വാഴ്ച കണ്ടിരുന്നു.

നഷ്ടപരിഹാരം നല്‍കണമെന്നും കുടിശികയുള്ള ശമ്പളം നല്‍കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. തൊഴില്‍ നഷ്ടമാകുന്നതടക്കം നിരവധി ആശങ്കകളാണ് ജീവനക്കാര്‍ പങ്കുവച്ചതെന്ന് മന്ത്രി വിശദമാക്കിയിരുന്നു. ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെക്നോ പാര്‍ക്ക് ജീവനക്കാരുടെ സഘടനയായ പ്രതിധ്വനിയുടെ സഹായത്തോടെ മൂന്ന് മാസത്തെ ശമ്പളം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്. ഇതിന് പിന്നാലെ അടുത്ത ആറ് മാസത്തിനുള്ളില്‍ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസിന്‍റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നഷ്ടത്തില്‍ 19 തവണയുടെ വര്‍ധനവാണ് ഉണ്ടായത്. 2020-21 വര്‍ഷത്തില്‍ നഷ്ടം 231.69 കോടിയായി . 2019-20 റെവന്യൂ 2511 കോടിയുണ്ടായിരുന്ന സമയത്ത് 2020-21 വര്‍ഷത്തില്‍ ഇത് 2428 കോടിയായി കുറയുകയും ചെയ്തിരുന്നു. 22 ബില്യൺ ഡോളര്‍ മൂല്യമുള്ള സ്ഥാപനമാണ് ബൈജൂസ്. അമ്പതിനായിരം ജീവനക്കാരാണ് ബൈജൂസില്‍ പ്രവര്‍ത്തിക്കുന്നത്. ബൈജൂസിന്‍റെ പ്രവര്‍ത്തന രീതികളേക്കുറിച്ച് നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഉപഭോക്താക്കളുടെ പരാതി പരിഹാരവും സേവന ലഭ്യതക്കുറവിനേക്കുറിച്ചും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാര്‍ക്ക് വലിയ രീതിയിലെ ടാര്‍ഗെറ്റുകള്‍ നല്‍കുന്നതും രക്ഷിതാക്കളെ കടക്കെണിയില്‍ വീഴ്ത്തുന്നതടക്കം നിരവധി ആരോപണങ്ങളാണ് ബൈജൂസിനെതിരെ ഉയര്‍ന്നത്.

2011ലാണ് ബൈജു രവീന്ദ്രന്‍ ബൈജൂസ് സ്ഥാപിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പാണ് ബൈജൂസ്. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ് അടക്കമുള്ളവയാണ് ബൈജൂസിന് സാമ്പത്തിക പിന്തുണ നല്‍കുന്നത്. കമ്പനിക്ക് നിലവിൽ 150 ദശലക്ഷം സബ്സ്ക്രൈബഴ്‌സ് ആണ് ഉള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി മോശം ആയിരുന്നിട്ടുകൂടി, തങ്ങൾക്ക് വരുമാനം, വളർച്ച, ലാഭകരമായ മുന്നേറ്റം എന്നിവയിൽ നേട്ടമുണ്ടാക്കാനായെന്ന് ബൈജു രവീന്ദ്രൻ അടുത്തിടെ പ്രതികരിച്ചത്.

ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് പ്രൊഡക്ട്, കണ്ടന്റ്, മീഡിയ, ടെക്നോളജി വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കുന്നത്. ജൂൺ മാസത്തിൽ ബൈജൂസ് 500 പേരെ പിരിച്ചുവിട്ടിരുന്നു. തങ്ങളുടെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിൽ നിന്നാണ് ജീവനക്കാരെ അന്ന് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കലായിരുന്നു അന്നത്തെയും ലക്ഷ്യം.