Asianet News MalayalamAsianet News Malayalam

KIIFBI|'അസാധാരണം', സിഎജി വിമർശം തള്ളി ധനമന്ത്രി, പറഞ്ഞത് ശരിയായെന്ന് ചെന്നിത്തല

നിയമസഭ തള്ളിയ കിഫ്ബിക്കെതിരായ സിഎജി റിപ്പോ‍ർട്ടിലെ പരാമർശം വീണ്ടും ആവർത്തിക്കുന്നത് അസാധാരണമാണെന്നും, ഇനി പ്രമേയം കൊണ്ടുവന്ന് അതേ പ്രസ്താവന തള്ളേണ്ട കാര്യമില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.

cag against kiifbi again controversy erupts political responses
Author
Thiruvananthapuram, First Published Nov 12, 2021, 4:53 PM IST

തിരുവനന്തപുരം: സിഎജി വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചതോടെ കിഫ്ബിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും ശക്തമാവുകയാണ് കേരളത്തിൽ. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത് സിഎജി വീണ്ടും ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ രാജ്യത്തൊരിടത്തും സ്വീകരിക്കാത്ത സമീപനമാണ് സിഎജി സ്വീകരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് വിമർശിച്ചു. നിയമസഭ തള്ളിയ കിഫ്ബിക്കെതിരായ സിഎജി റിപ്പോ‍ർട്ടിലെ പരാമർശം വീണ്ടും ആവർത്തിക്കുന്നത് അസാധാരണമാണെന്ന് പറഞ്ഞ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇനി പ്രമേയം കൊണ്ടുവന്ന് അതേ പ്രസ്താവന തള്ളേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

സംസ്ഥാന സർക്കാറിന്‍റെ അഭിമാനമായി ഉയർത്തിക്കാണിക്കുന്ന കിഫ്ബിയെ വീണ്ടും വിമർശിച്ചുള്ള സിഎജി റിപ്പോർട്ട് സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നതാണ്. കിഫ്ബി എടുക്കുന്ന വായ്പകൾ ബജറ്റിന് പുറത്തുളള കടമാണെന്നും ഇത് സംസ്ഥാനത്തിന്‍റെ ബാധ്യതയാണെന്നുമാണ് സിഎജി ആവർത്തിക്കുന്നത്. 2018-19-ലെ സിഎജി റിപ്പോർട്ടിലെ സമാന പരാമർശങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് നീക്കിയിരുന്നു. അസാധാരണമായിരുന്നു ആ നടപടിയെങ്കിൽ സമാന പ്രശ്നം സിഎജി ആവർത്തിച്ചുന്നയിക്കുന്നത് വലിയ തർക്കങ്ങൾക്ക് വീണ്ടും വഴി വയ്ക്കുന്നതാണ്. സിഎജി റിപ്പോർട്ട് സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ മികച്ച ആയുധമാവുകയാണ് വീണ്ടും എന്നതിന് തെളിവാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ആരോപണങ്ങൾ. 

അതേസമയം, കിഎഫ്ബിക്ക് ചുക്കാൻ പിടിച്ച മുൻ ധനമന്ത്രി സിഎജി നടപടിയെ സംശയത്തിന്‍റെ നിഴലിലാക്കിയാണ് മറുപടി നൽകിയത്. തിരിച്ചടവ് കണക്ക് കൂട്ടിയാണ് വായ്പയെന്ന് പറയുന്ന തോമസ് ഐസക് സമാന രീതിയിൽ കടമെടുക്കുന്ന കേന്ദ്രത്തെയും മറ്റ് സംസ്ഥാനങ്ങളെയും സിഎജി വിമർശിക്കാത്തതെന്തെന്ന് ചോദിക്കുന്നു. 

ഒരിക്കൽ സഭ തള്ളിയ പരാമർശങ്ങൾ അടുത്ത സിഎജി റിപ്പോർട്ടിലും വന്ന സാഹചര്യത്തിൽ തുടർ നടപടിയിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടി വരും. വീണ്ടും സിഎജിക്കെതിരായ രാഷ്ട്രീയപ്പോര് എൽഡിഎഫ് തുടങ്ങേണ്ടി വരികയും ചെയ്യും. 

പുതിയ സിഎജി റിപ്പോർട്ടിൽ പറയുന്നതെന്ത്? 

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് വീണ്ടും കിഫ്‌ബിക്കെതിരെ കടുത്ത പരാമർശങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സിഎജി തള്ളി. സർക്കാരിൽ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവ്. സർക്കാരിന്‍റെ സാമ്പത്തിക രേഖകൾ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട് വിമർശിക്കുന്നു. കിഫ്ബി വായ്പകളുടെ വിശദാംശങ്ങൾ ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്ന് സിഎജി നിർദ്ദേശിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പദ്ധതി നിശ്ചിത ലക്ഷ്യം നേടിയിട്ടില്ല. ആശങ്ക ഉളവാക്കുന്ന രീതിയിൽ റവന്യൂ വരുമാനത്തിന്‍റെ 21 ശതമാനം പലിശ ചെലവുകൾക്കായി വിനിയോഗിച്ചുവെന്നും സിഎജി കുറ്റപ്പെടുത്തുന്നു. എന്നാൽ 2019 -20 ൽ സംസ്ഥാനത്തിന്റെ വരവ് ചെലവുകളുടെ മാസപ്രസരണം പ്രശംസനീയമാം വിധം സമമായിരുന്നുവെന്നും സിഎജി നിരീക്ഷിക്കുന്നു. 

22 വർഷം പൂർത്തിയാക്കുമ്പോൾ കരിനിഴലായി സിഎജി റിപ്പോർട്ട്

സമയബന്ധിതമായും നിലവാരമുറപ്പാക്കിയും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കിഫ്ബി എന്ന വികസന ബദലിന് കേരളം രൂപം നൽകിയത്. കിഫ്ബി രൂപീകരിച്ച് ഇരുപത്തിരണ്ട് വർഷമായെങ്കിലും ഈ നിലയിൽ പ്രവർത്തനങ്ങൾ ശക്തമായത് 2016-ലെ ഭേദഗതി ആക്ടിലൂടെയാണ്. അങ്ങനെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നടത്തിയ വികസനപ്രവർത്തനങ്ങൾ ബജറ്റിന് പുറത്തായി. 

മസാല ബോണ്ടിറക്കി വായ്പകളിലൂടെയായിരുന്നു ധനസമാഹരണം. ഇന്ധനത്തിൽ നിന്നുള്ള പ്രത്യേക സെസും, മോട്ടോർ വാഹന നികുതി വരുമാനത്തിലെ വിഹിതവുമായിരുന്ന തിരിച്ചടവിന് കണ്ടെത്തിയ സ്രോതസ്സ്. 

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 64,338 കോടിയുടെ 918 പദ്ധതികൾക്കാണ് നാളിതുവരെ കിഫ്ബി വഴി സർക്കാർ ധനാനുമതി നൽകിയിരിക്കുന്നത്. ഇതിൽ 15000 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. സെപ്റ്റംബർ വരെ പൂർത്തിയാക്കിയത് 3000 കോടി രൂപയുടെ 201 പദ്ധതികൾ. പൊതുജനാരോഗ്യ രംഗത്തെയും പൊതുവിദ്യാഭ്യാസ രംഗത്തെയും വികസനപ്രവർത്തനങ്ങൾ തെര‌ഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ പ്രചാരണചിത്രങ്ങളായി. പ്രവാസി ചിട്ടി വഴി മൂന്ന് വർഷത്തിനുള്ളിൽ 500 കോടിയുടെ ബോണ്ടുകൾ.

പക്ഷേ, വികസന പ്രചാരണങ്ങൾക്കെല്ലാമിടയിലും കിഫ്ബി നേരിട്ട വിവാദങ്ങളും നിരവധിയാണ്. പൊതുമരാമത്ത് വകുപ്പിനെ ദുർബലപ്പെടുത്തിയെന്നായിരുന്നു പ്രധാന ആക്ഷേപം. പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയിലെ വിഹിതവും കിഫ്ബിയിലേക്ക് പോകുമ്പോൾ സർക്കാരിന്‍റെ സാമ്പത്തിക രേഖകളിൽ ഈ തുക വ്യക്തമാക്കുന്നില്ലെന്നതാണ് മറ്റൊരു വിമർശനം.   

കിഫ്ബി വായ്പകളുടെ വിശദാംശങ്ങൾ ബജറ്റിലും അക്കൗണ്ടിലും ഉൾപ്പെടുത്തണമെന്നാണ് സിഎജിയുടെ ഏറ്റവും പുതിയ നിർദ്ദേശം. ഇതുവരെ പൂർത്തിയാക്കിയ പദ്ധതികൾക്ക് ചെലവഴിച്ചതിനെക്കാൾ വരുമാനം ഇന്ധന സെസിലൂടെയും മോട്ടോർനികുതിയിലൂടെയും എത്തിയിട്ടുണ്ട്. കിഫ്ബി പദ്ധതികളിൽ കാലതാമസം നേരിടുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളിലും ചോദ്യങ്ങളുയരുന്നുണ്ട്. പക്ഷേ, ട്രാൻസ്ഗ്രിഡ് പദ്ധതി, കെഫോണ്‍ ,ദേശീയ പാതാവികസനത്തിനായുള്ള ഭൂമിയേറ്റെടുക്കൽ എന്നിങ്ങനെ വലിയ ലക്ഷ്യങ്ങളുണ്ട് കിഫ്ബിക്ക് മുന്നിൽ. 

Follow Us:
Download App:
  • android
  • ios