പുതിയ വിലയുടെ സംസ്ഥാന വാറ്റ് നികുതി 50 പൈസയോളം വരും. ഇതും കൂടി ഉൾപ്പടെ ലിറ്ററിന് രണ്ടര രൂപയുടെ വര്‍ദ്ധനയാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്.  

തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ നികുതി കൂട്ടുന്നത് അനുസരിച്ച് നികുതി കുറയ്ക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ 2.50 രൂപയോളമാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് കൂടിയത്.

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ തീരുവ ചേര്‍ത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരുന്നു. എക്സൈസ് തീരുവയും സെസ്സുമായി രണ്ട് രൂപയാണ് ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. പുതിയ വിലയുടെ സംസ്ഥാന വാറ്റ് നികുതി 50 പൈസയോളം വരും. ഇതും കൂടി ഉൾപ്പടെ ലിറ്ററിന് രണ്ടര രൂപയുടെ വര്‍ദ്ധനയാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 

കടത്തു ചിലവ് കൂടി വരുമ്പോൾ മറ്റ് ജില്ലകളില്‍ വില അല്‍പ്പം കൂടി ഉയരും. കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയതിന് ആനുപാതികമായി വില്‍പ്പന നികുതി ഈടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയും പ്രതിഷേധം ഉയരുകയാണ്. എന്നാൽ സംസ്ഥാന വാറ്റ് നികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. 

എന്തായാലും ഇന്ധനവില വര്‍ദ്ധന സാധാരണക്കാരന് നൽകുക ഇരട്ടി ഭാരമായിരിക്കും. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയരും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താവിന് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയത്. വ്യാപാര യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധികളും കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടിയതോടെ രാജ്യത്ത് ഇന്ധനവില തത്കാലം കുറയില്ലെന്ന് ഉറപ്പായി..