രാജ്യത്ത് 889 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉള്ളപ്പോഴാണ് ഇത്. 4.59 ദശലക്ഷം ഇടങ്ങളിൽ മാത്രമേ ഈ കാർഡുകൾ ഉപയോഗിച്ച് ഇടപാട് നടത്താനാവൂ എന്നതാണ് വെല്ലുവിളി. 

ദില്ലി: രാജ്യത്തെ ഇടപാടുകൾ ഡിജിറ്റലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ വേണ്ടവിധത്തിൽ ഫലം കാണുന്നില്ലെന്ന് സൂചന. രാജ്യത്തെ ഇടപാടുകൾക്ക് ഇപ്പോഴും ഭൂരിപക്ഷം ആളുകളും പണം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഇലക്ട്രോണിക് പേമെന്റ് പ്രോസസിംഗ് സ്ഥാപനമായ വേൾഡ്‌ലൈൻ ഇന്ത്യയുടെ ഇന്ത്യ ഡിജിറ്റൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഇടപാടുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. അസംഘടിത മേഖലയിലെ ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പണ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു, സമ്പാദ്യം പണമായി തന്നെ സൂക്ഷിക്കാൻ ജനങ്ങളും ശ്രമിക്കുന്നു, ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക വിജ്ഞാനം ഇല്ലാത്തത്, ഡിജിറ്റൽ ഇടപാടുകളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഉയർന്ന തുക തുടങ്ങിയവയാണ് തടസ്സമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

എങ്കിലും ഡിജിറ്റൽ ഇന്ത്യയുടെ ഭാവി ശോഭനമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നിതിന് 2020 ജനുവരി ഒന്ന് മുതൽ വലിയ നിക്ഷേപ പദ്ധതികൾ തുടങ്ങാനിരിക്കെയാണ് ഇത്.

മൂന്നാം തരം നഗരങ്ങളിലും അതിന് താഴെയുള്ള ഇടങ്ങളിലും 90 ശതമാനം ഇടപാടുകളും ഇപ്പോഴും പണം ഉപയോഗിച്ച് തന്നെയാണ് നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 889 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉള്ളപ്പോഴാണ് ഇത്. 4.59 ദശലക്ഷം ഇടങ്ങളിൽ മാത്രമേ ഈ കാർഡുകൾ ഉപയോഗിച്ച് ഇടപാട് നടത്താനാവൂ എന്നതാണ് വെല്ലുവിളി. കാർഡുകൾ കൂടുതലായും ഉപയോഗിക്കുന്നത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.