ദില്ലി: കൊവിഡ് വൈറസിൻ്റെ പ്രഭവകേന്ദ്രമായ ചൈന കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്നതിൽ ആ​ഗോള നിക്ഷേപക‍ർക്കുള്ള ആശങ്ക തിരിച്ചറിഞ്ഞ് മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ വിപുലീകരിക്കാനും ഇതിലൂടെ പരമാവധി വിദേശനിക്ഷേപം രാജ്യത്ത് എത്തിക്കാനുമാണ് ഇരുപത് ലക്ഷം കോടിയുടെ വിപുലമായ സാമ്പത്തിക പാക്കേജിലൂടെ കേന്ദ്രസ‍ർക്കാ‍ർ ലക്ഷ്യമിടുന്നത്. 

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ ചെറുകിട-ഇ‌‍ടത്തരം സംരഭങ്ങൾക്കുള്ള പദ്ധതികളടക്കം വളരെ കുറച്ച് ഭാ​ഗം മാത്രമേ ഇന്ന് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്ന തരത്തിൽ വലിയ പ്രഖ്യാപനങ്ങളും നിർദേശങ്ങളും ആദ്യദിനത്തിൽ തന്നെ നിർമ്മല സീതാരാമനിൽ നിന്നുണ്ടായി. 

ആ​ഗോളടെൻണ്ട‍ർ വിളിക്കേണ്ട പദ്ധതികളുടെ അടങ്കൽ തുക ഇരുന്നൂറ് കോടിയായി ഉയ‍ർത്തുന്നതായി ധനമന്ത്രി ഇന്ന് അറിയിച്ചിട്ടുണ്ട്. ചെറുകിട ബ്രാൻഡുകൾക്ക് ആ​ഗോളതലത്തിൽ ഉയരാനുള്ള പിന്തുണയും അവസരവും നൽകുമെന്ന് ധനമന്ത്രി ഇന്ന് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ ചെറുകിട വ്യാപാരങ്ങളേയും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.