ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 90 രൂപയെന്ന നിരക്കും പിന്നിട്ട് രൂപ താഴേക്ക് പതിച്ചു. രാജ്യം സാമ്പത്തികമായി ഇത്രയേറെ ശക്തിപ്പെടുമ്പോള്‍ കറന്‍സിയുടെ വില മാത്രം ഇടിയുന്നത് എന്തുകൊണ്ടാണ്?
തുടര്‍ച്ചയായ പാദങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) റെക്കോര്‍ഡ് കുതിപ്പാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവയ്ക്കുന്നത്. കണക്കുകള്‍ പ്രകാരം 8.2 ശതമാനമാണ് നിലവിലെ വളര്‍ച്ചാനിരക്ക്. ലോകരാജ്യങ്ങള്‍ പോലും ഇന്ത്യയുടെ ഈ കുതിപ്പിനെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. എന്നാല്‍, ഇങ്ങനെയൊക്കെയാണെങ്കിലും രൂപയുടെ കാര്യം കഷ്ടത്തിലാണ്. ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 90 രൂപയെന്ന നിരക്കും പിന്നിട്ട് രൂപ താഴേക്ക് പതിച്ചു. രാജ്യം സാമ്പത്തികമായി ഇത്രയേറെ ശക്തിപ്പെടുമ്പോള്‍ കറന്‍സിയുടെ വില മാത്രം ഇടിയുന്നത് എന്തുകൊണ്ടാണ്? അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:
1. ജിഡിപി എന്നത് രാജ്യത്തിനകത്തെഉല്‍പ്പാദനത്തിന്റെ കണക്കാണ്. എന്നാല്‍ രൂപയുടെ മൂല്യം എന്നത് പുറംലോകവുമായി നടത്തുന്ന ഇടപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്. ആഭ്യന്തര വളര്‍ച്ചയും കറന്‍സിയുടെ മൂല്യവും എപ്പോഴും ഒരേ ദിശയില്‍ സഞ്ചരിക്കണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2. രൂപയുടെ തളര്‍ച്ചയുടെ പ്രധാന കാരണം രൂപയുടെ കുഴപ്പമല്ല, മറിച്ച് അമേരിക്കന്‍ ഡോളറിന്റെ അമിത കരുത്താണ്. ആഗോളതലത്തില്‍ യുദ്ധഭീതിയും സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കാണുന്നത് അമേരിക്കന്‍ ഡോളറിനെയാണ്. അമേരിക്കയില്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും നിക്ഷേപകരെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വാഭാവികമായും രൂപയുള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ക്ക് മങ്ങലേല്‍ക്കും.
3. വേഗത്തില്‍ വളരുന്ന ഒരു സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ഇന്ധനവും, ഇലക്ട്രോണിക് സാധനങ്ങളും, യന്ത്രങ്ങളും ആവശ്യമാണ്. ഇന്ത്യ ഇവയെല്ലാം വന്തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇറക്കുമതി കൂടുമ്പോള്‍ കൂടുതല്‍ ഡോളര്‍ പുറത്തേക്ക് നല്‍കേണ്ടി വരുന്നു. ഇത് ഡോളര്‍ ക്ഷാമത്തിന് കാരണമാവുകയും രൂപയുടെ വില കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, രാജ്യത്തിന്റെ വളര്‍ച്ച തന്നെ രൂപയ്ക്ക് തലവേദനയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
4. കയ്യില്‍ ആവശ്യത്തിന് വിദേശനാണ്യ ശേഖരമുണ്ടായിട്ടും രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഇടപെടുന്നില്ല എന്നൊരു പരാതിയുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിക്കുമ്പോള്‍ അതിനെതിരെ നീന്തുന്നത് ബുദ്ധിമുട്ടാണ് എന്നാണ് ആര്‍ബിഐയുടെ നിലപാട്. രൂപയുടെ മൂല്യം വല്ലാതെ ചാഞ്ചാടാതെ നോക്കുക എന്നത് മാത്രമാണ് നിലവില്‍ റിസര്‍വ് ബാങ്ക് ചെയ്യുന്നത്. സാവധാനത്തിലുള്ള മൂല്യത്തകര്‍ച്ച കയറ്റുമതിക്കാര്‍ക്ക് ഗുണകരമാണെന്ന വാദവുമുണ്ട്.
ജനങ്ങളെ എങ്ങനെ ബാധിക്കും?
വിദേശ പഠനം: വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് പണമയക്കാന്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ തുക ചെലവാകും. ഫീസ്, താമസച്ചെലവ് എന്നിവ കുത്തനെ കൂടും.
യാത്ര: വിദേശ വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ പോക്കറ്റ് കീറും.
വിലക്കയറ്റം: പെട്രോള്‍, ഡീസല്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വില കൂടിയേക്കാം.
ആശ്വാസം ആര്‍ക്ക്?: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ രൂപ ലഭിക്കും. ഐടി കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇത് നേട്ടമാണ്.
ചുരുക്കത്തില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തന്നെ തുടരുന്നുണ്ടെങ്കിലും, ആഗോള സാഹചര്യങ്ങളും ഇറക്കുമതി ആവശ്യങ്ങളും രൂപയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.


