ദില്ലി: റിസര്‍വ് ബാങ്കില്‍നിന്ന് ഇടക്കാല ലാഭവിഹിതമായ 30000 കോടി രൂപ ആവശ്യപ്പെടാന്‍ കേന്ദ്രം. 2019-20 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 3.3 ശതമാനമായി നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്കില്‍നിന്ന് ലാഭവിഹിതം ആവശ്യപ്പെടുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി ചുരുങ്ങിയത് അടുത്ത പാദത്തില്‍ ഉയര്‍ത്താനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്കില്‍നിന്ന് 30000 കോടി രൂപ ആവശ്യപ്പെടുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും കേന്ദ്രം റിസര്‍വ് ബാങ്കില്‍നിന്ന് 28000 കോടി ഇടക്കാല ലാഭവിഹിതം വാങ്ങിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടിയും കേന്ദ്രം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തലവനായ ബോര്‍ഡ് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ലാഭവിഹിതവും കേന്ദ്രം ആവശ്യപ്പെടുന്നത്.  

2019-20 ബജറ്റ് അനുസരിച്ച് 7.10 ലക്ഷം കോടിയാണ് കടമെടുക്കാവുന്ന തുക. എന്നാല്‍, ഒന്നാം പാദത്തില്‍ തന്നെ 4.45 ലക്ഷം കോടി കടമെടുത്തു കഴിഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്.