11.27 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ് ലഭിക്കും. ഇതിനായി 1,832 കോടി രൂപ അനുവദിച്ചു

ദില്ലി: രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്കായി 22,000 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്പാദന ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് എൽപിജി സിലിണ്ട‍ർ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL),ഹിന്ദുസ്ഥാൻ പെട്രോളിയം (HP) എന്നീ മൂന്ന് കമ്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റായി ആണ് തുക അനുവദിക്കുക എന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ജൂൺ 2020 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര തലത്തിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് 300 ശതമാനം വിലക്കയറ്റം നേരിട്ടിരുന്നു. എന്നാൽ അതിന്റെ 72 ശതമാനം ബാധ്യത മാത്രമാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഇതിലൂടെ എണ്ണ കമ്പനികൾക്കുണ്ടായ ബാധ്യത നികത്താനാണ് പണം അനുവദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം ഇതിന് അംഗീകാരം നൽകി. റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇതിനായി 1,832 കോടി രൂപ അനുവദിച്ചതായും അനുരാഗ് താക്കൂർ അറിയിച്ചു. 11.27 ലക്ഷം പേർക്കാണ് ബോണസ് നൽകുക. 78 ദിവസത്തെ ശമ്പളമാണ് ബോണസായി ലഭിക്കുക. ഗുജറാത്തിലെ ദീൻദയാല്‍ തുറമുഖത്തെ കണ്ടെയ‍്‍നർ ടെർമിനല്‍ വികസനത്തിനും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി ഭേദഗതി ബില്ലിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.