ബീജിങ്: കൊറോണ ഭീതിയൊഴിഞ്ഞ ചൈനയിൽ അമേരിക്കൻ കമ്പനികൾ സാധാരണ ഗതിയിൽ പ്രവർത്തനം തുടങ്ങുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളിൽ 20 ശതമാനത്തിലേറെ സാധാരണ ഗതിയിൽ പ്രവർത്തനം തുടങ്ങിയെന്നാണ് ബുധനാഴ്ച പുറത്തുവന്ന സർവേ വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്ത അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളിൽ 25 ശതമാനത്തോളം പേർ ഏപ്രിൽ അവസാനത്തോടെ സാധാരണ നിലയിൽ പ്രവർത്തിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവച്ചു. 20 ശതമാനത്തോളം പേർ വേനൽക്കാലം അവസാനിക്കുന്നത് വരെ കാത്തിരിക്കാനുള്ള തീരുമാനത്തിലാണ്.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വുഹാനിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നത്. ആയിരങ്ങൾക്ക് രോഗബാധ ഉണ്ടായതോടെ വിപണിക്ക് അത് വരുത്തിയ ആഘാതം ചില്ലറയല്ല. ലോകമാകെ വിതരണ ശൃംഖലയും ചരക്കുനീക്കവും തടസപ്പെട്ടു. ഇതിനിടെ രോഗം ലോകമാകെ വ്യാപിക്കുകയും ചെയ്തു. എന്നാൽ ഫെബ്രുവരിയോടെ ചൈന കൊറോണയെ നിയന്ത്രിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. മാർച്ച് രണ്ടാം വാരമായപ്പോഴേക്കും ചൈനയിൽ നിന്ന് ഭീതി തീർത്തും ഒഴിവായ അവസ്ഥയിലെത്തി. ഇതോടെയാണ് വ്യാപാര-വാണിജ്യ മേഖല വീണ്ടും സജീവമാകുന്നത്. ആഗോള തലത്തിൽ തന്നെ ശുഭസൂചകമാണ് ഈ വാർത്ത.