ചൈന ഈ മൂലകങ്ങളെ തന്ത്രപരമായ ഒരു സ്വത്തായി കണക്കാക്കുകയും, യുഎസുമായുള്ള താരിഫ് ചര്‍ച്ചകളില്‍ ഒരു വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ന്ത്രപ്രധാനമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ വിദേശ ചാര ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന ആരോപണവുമായി ചൈനയുടെ സുരക്ഷാ മന്ത്രാലയം. അമേരിക്കയുമായി അടുത്തിടെ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നിര്‍ണായക വ്യവസായ വിഭവങ്ങളുടെ കയറ്റുമതി അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ചൈന സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു രാജ്യത്തെയും പേരെടുത്തു പറയാതെയാണ് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച വീചാറ്റില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍, വിദേശ ചാര-ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ഏജന്റുമാരും രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചേര്‍ന്ന് തപാല്‍ മാര്‍ഗ്ഗം വഴി അപൂര്‍വ ഭൗമ മൂലകങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു രാജ്യം നിയമവിരുദ്ധമായി ഇത് സ്വന്തമാക്കാന്‍ ശ്രമിച്ചത് തങ്ങള്‍ പരാജയപ്പെടുത്തിയതായും സുരക്ഷാ മന്ത്രാലയം അവകാശപ്പെട്ടു.

ചൈന ഈ മൂലകങ്ങളെ തന്ത്രപരമായ ഒരു സ്വത്തായി കണക്കാക്കുകയും, യുഎസുമായുള്ള താരിഫ് ചര്‍ച്ചകളില്‍ ഒരു വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചൈനീസ് വിതരണത്തെയാണ് അമേരിക്ക ആശ്രയിക്കുന്നത്. ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് അവരുടെ ഒരു പ്ലാന്റിലെ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ചൈനയുടെ കയറ്റുമതിയെ സാരമായി ആശ്രയിക്കുന്നു.

അപൂര്‍വ മൂലകങ്ങള്‍ സെറാമിക് ടൈല്‍ ചേരുവകളില്‍ ഒളിപ്പിക്കുക, 'മെഷിനറി ഭാഗങ്ങള്‍' എന്ന് ലേബല്‍ ചെയ്ത് കുടിവെള്ള കുപ്പികളില്‍ കയറ്റി അയക്കുക തുടങ്ങിയ മറ്റ് കടത്ത് തന്ത്രങ്ങളും മന്ത്രാലയം വിശദീകരിച്ചു. അപൂര്‍വ ഭൗമ വിഭവങ്ങളുമായി ബന്ധപ്പെട്ട സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. അടുത്തിടെ ചൈനയും അമേരിക്കയും തമ്മില്‍ നടന്ന വ്യാപാര ചര്‍ച്ചകളില്‍ ചില താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ ധാരണയായിരുന്നു. അപൂര്‍വ ഭൗമ മൂലകങ്ങളുടെ കയറ്റുമതി ലൈസന്‍സുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാമെന്ന് ബീജിംഗ് ഉറപ്പുനല്‍കിയപ്പോള്‍, ചില നൂതന എഐ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ അമേരിക്കയും സമ്മതിച്ചിരുന്നു.