ന്യൂയോര്‍ക്ക്: റോഡ് ബെല്‍റ്റ് പദ്ധതിയിലൂടെ ചൈന നടത്തിവരുന്നത് കോളനിവല്‍ക്കണമാണെന്ന് അമേരിക്ക. റോഡ് ബെല്‍റ്റ് പദ്ധതി വഴി ചൈന ചെറുരാജ്യങ്ങള്‍ക്ക് പരിധിയില്ലാതെ വായ്പകള്‍ നല്‍കുകയാണ്, ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ പ്രസ്തുത രാജ്യം ബെയ്ജിംഗിന്‍റെ ഒരു കോളനിയായി മാറുമെന്നും യുഎസ് നേവല്‍ ഓപ്പറേഷന്‍സ് ചീഫ് ജോണ്‍ റിച്ചാര്‍ഡ്സണ്‍ അറിയിച്ചു. 

അമേരിക്കന്‍ കോണ്‍ഗ്രസിലെ ആംഡ് സര്‍വീസസ് കമ്മറ്റിയുടെ ഹിയറിംഗിലാണ് നേവല്‍ ഓപ്പറേഷന്‍സ് ചീഫ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചൈന നടത്തി വരുന്ന ഈ പദ്ധതി അനാക്കോണ്ടയുടെ ഇരപിടിത്തത്തിന് സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈന അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിര്‍ണായക നാവിക ശക്തിയാകാനുളള തയ്യാറെടുപ്പിലാണ്. വായ്പ തിരിച്ചടയ്ക്കാതെ കോളനിയായി മാറുന്ന രാജ്യങ്ങളില്‍ ചൈന സൈനിക താവളങ്ങളൊരുക്കാനാണ് പദ്ധതിയിടുന്നതെന്നും ജോണ്‍ റിച്ചാര്‍ഡ്സണ്‍ പറയുന്നു. 

പ്രധാന സമുദ്രജലപാതകളിലെല്ലാം ഇന്ന് ചൈനീസ് സാന്നിധ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി തകര്‍ന്ന രാജ്യങ്ങളെയാണ് ചൈന എപ്പോഴും ഉന്നം വയ്ക്കുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ അവരുടെ സാന്നിധ്യം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നിലവില്‍ ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്നത് അടിസ്ഥാന സൗകര്യങ്ങളും തുറമുഖങ്ങളുമാണ് എന്നാല്‍, ക്രമേണ അവര്‍ ഇത്തരം തുറമുഖങ്ങളോട് ചേര്‍ന്ന് സൈനിക താവളങ്ങളൊരുക്കുമെന്നും ഇത് ലോകത്തിന് വന്‍ ഭീഷണിയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.