ആഡംബര ചടങ്ങുകളും ഫോട്ടോഗ്രാഫർമാരെയും ഒഴിവാക്കി 'ഫോർ നോ' രീതിയിൽ വിവാഹം കഴിച്ച ചൈനീസ് ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന് മാറ്റിവച്ച തുക മുഴുവൻ അതിഥികൾക്ക് മികച്ച ഭക്ഷണവും സമ്മാനങ്ങളും നൽകാനാണ് ഇവർ ഉപയോഗിച്ചത്.
ആഡംബര ചടങ്ങുകളെല്ലാം പാടെ ഒഴിവാക്കി, കല്യാണത്തിന് മാറ്റിവച്ച തുക മുഴുവൻ അതിഥികൾക്ക് സ്വാദിഷ്ടമായ ഭക്ഷണവും സമ്മാനവും നൽകാൻ ഉപയോഗിച്ച ചൈനീസ് ദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കിഴക്കൻ ചൈനയിലെ സെജിയാങിലെ ഷു, വാങ് എന്നിവരാണ് ഈ വേറിട്ട വിവാഹത്തിലൂടെ ശ്രദ്ധേയരായത്. ഏകദേശം 70,000 യുവാൻ (ആറു ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വരുന്ന തുക മുഴുവനായും അതിഥികളുടെ സത്കാരത്തിനായി മാത്രമാണ് ഇവർ ചെലവഴിച്ചത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
'ഫോർ നോ' കല്യാണം
പെണ്ണുകാണൽ, ആഡംബര കാറുകളുടെ നിര, വെഡ്ഡിങ് പ്ലാനേഴ്സ്, ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയതിനാൽ ഈ വിവാഹത്തെ ‘ഫോർ നോ’ (Four No's) കല്യാണം എന്നാണ് ഇവർ വിശേഷിപ്പിച്ചത്. വരന്റെ സുഹൃത്തുക്കൾ നവവധൂവരന്മാരെ കളിയാക്കുന്നതും അനാവശ്യ തമാശകൾ കാണിക്കുന്നതുമായ പരമ്പരാഗത രീതികളും ഒഴിവാക്കാൻ ഇവർ തോഴിമാരെയും (Bridesmaids & Groomsmen) കൂടെക്കൂട്ടിയില്ല.
ഭക്ഷണത്തിന് പണം പിശുക്കിയില്ല
ചടങ്ങുകളിൽ പണം ലാഭിച്ചെങ്കിലും അതിഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ഇരുവരും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. 45 ടേബിളുകളിലായി നൂറുകണക്കിന് അതിഥികൾക്ക് വിലകൂടിയ സീഫുഡ് അടക്കമുള്ള വിഭവങ്ങളാണ് നൽകിയത്. കൂടാതെ, ചൈനീസ് വിവാഹങ്ങളിൽ സാധാരണ നൽകുന്ന സിഗരറ്റുകൾക്ക് പകരം, അതിഥികൾക്ക് 200 മുതൽ 300 യുവാൻ വരെ അടങ്ങിയ റെഡ് എൻവലപ്പുകളും (Red Envelopes) സമ്മാനമായി നൽകി.
വീഡിയോ പോലുമില്ല!
വിവാഹ വീഡിയോ വീണ്ടും ആരും കാണാൻ പോകുന്നില്ലെന്നതിനാൽ വീഡിയോ ചിത്രീകരണവും ഒഴിവാക്കി. എന്നാൽ ഇവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ യുനാണിലെ യുലോങ് സ്നോ മൗണ്ടനിൽ വച്ച് വെഡിങ് ഷൂട്ട് നടത്തിയിരുന്നു. ആദ്യം മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അവർ സഹകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് ദമ്പതികളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. പല വിവാഹങ്ങളിലും വധൂവരന്മാർ അഭിനയിക്കുകയാണെന്നും ഇത്തരം ലളിതമായ കല്യാണങ്ങളാണ് മാതൃകയാക്കേണ്ടതെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. എന്നാൽ, ജീവിതത്തിലെ സുപ്രധാന ദിനത്തെ ഗൗരവമായി കാണാത്തതിൽ ഇവർ ഭാവിയിൽ ദുഃഖിക്കുമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
