ഇന്ത്യയിലെ മാർക്കറ്റിംഗ് മേധാവികൾക്കായി ഒരു വിശ്വസ്ത കൂട്ടായ്മ ഒരുക്കുകയാണ് 'ദി സിഎംഒ അസംബ്ലി'. സിഎംഒ-മാരുടെ സ്വകാര്യ ആശങ്കകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവ്, ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ബ്രാൻഡ് വളർച്ചയും തമ്മിലുള്ള പോരാട്ടം എന്നിവയെക്കുറിച്ച് സ്ഥാപകനായ വിവേക് ഷെത്ത് വെളിപ്പെടുത്തുന്നു.

ഓരോ വർഷവും മാർക്കറ്റിങ് ലോകം പുറത്തുവിടുന്നത് തിളക്കമാർന്ന വിജയകഥകളാണ്. എന്നാൽ ക്യാമറകൾ ഇല്ലാത്തപ്പോൾ, വലിയ വേദികൾ ഇല്ലാത്തപ്പോൾ, ചീഫ് മാർക്കറ്റിങ് ഓഫീസർമാർ (സിഎംഒ) യഥാർത്ഥത്തിൽ എന്താണ് സംസാരിക്കുന്നത്? ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമുള്ള ബ്രാൻഡുകളിലെ മുതിർന്ന മാർക്കറ്റിങ് മേധാവികൾക്കായി പ്രത്യേകം രൂപീകരിച്ച ഒരു കൂട്ടായ്മയാണ് 'ദി സിഎംഒ അസംബ്ലി'. പൊതുവേദികളിലെ പൊള്ളയായ പ്രസംഗങ്ങൾക്കും മിനുക്കിയെടുത്ത സംഭാഷണങ്ങൾക്കും അപ്പുറം, മാർക്കറ്റിങ്ങിലെ യഥാർത്ഥ വെല്ലുവിളികളും കഷ്ടപ്പെട്ട് പഠിച്ച പാഠങ്ങളും പുതിയ മാറ്റങ്ങളും സത്യസന്ധമായി ചർച്ച ചെയ്യാനുള്ള ഒരിടമാണിത്.

Add Asianetnews as a Preferred SourcegooglePreferred

ദി സിഎംഒ അസംബ്ലി അടുത്തിടെ 'ദി ഇന്ത്യ സിഎംഒ ഇൻഡെക്സ് 2026' എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 11 വ്യവസായങ്ങളിലെ 121 മാർക്കറ്റിങ് മേധാവികളിൽനിന്ന് പേരുകൾ വെളിപ്പെടുത്താതെ ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. ഹ്രസ്വകാല പ്രകടനക്കണക്കുകളും ദീർഘകാല ബ്രാൻഡ് മൂല്യവും തമ്മിലുള്ള വടംവലിയടക്കം ഇന്ത്യൻ മാർക്കറ്റിങ് മേധാവികൾ നേരിടുന്ന വൈരുദ്ധ്യങ്ങൾ ഈ റിപ്പോർട്ട് തുറന്നുകാട്ടുന്നു.

ദി സിഎംഒ അസംബ്ലിയുടെ സ്ഥാപകൻ വിവേക് ഷെത്തുമായുള്ള പ്രത്യേക അഭിമുഖത്തിൽനിന്ന്;

1. ഇന്ത്യയിലെ മാർക്കറ്റിങ് രംഗത്ത് എന്ത് വിടവ് കണ്ടതുകൊണ്ടാണ് 'ദി സിഎംഒ അസംബ്ലി' എന്ന ആശയം വന്നത്?

ഉത്തരം: ഇന്ത്യയിലെ സിഎംഒമാർക്ക് സത്യസന്ധമായി സംസാരിക്കാൻ ഒരിടമില്ലെന്ന് എനിക്ക് തോന്നി. ധാരാളം കോൺഫറൻസുകളും അവാർഡ് ഷോകളും നെറ്റ്‌വർക്കിങ് ഗ്രൂപ്പുകളുമുണ്ട്. പക്ഷേ, അവിടെയെല്ലാം ഒരുതരം അഭിനയമാണ്. സംഭാഷണങ്ങളെല്ലാം പിആർ ഏജൻസികൾ മിനുക്കിയെടുത്തതും ഇടപാട് സ്വഭാവമുള്ളതുമാണ്.

ബോർഡിൽ നിന്നുള്ള സമ്മർദം, എഐ കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ, ഉപഭോക്താക്കളുടെ ശ്രദ്ധ കുറയുന്നത്, കണക്കുകൾ കാണിക്കാനുള്ള തിടുക്കം, സ്ഥാപനത്തിനുള്ളിലെ പ്രശ്നങ്ങൾ എന്നിങ്ങനെ ഒരുപാട് സങ്കീർണ്ണതകൾക്കിടയിലാണ് ഇന്ന് സിഎംഒമാർ ജീവിക്കുന്നത്. എന്നാൽ ഇതൊന്നും തുറന്നുപറയാൻ ഒരിടമില്ലായിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് ദി സിഎംഒ അസംബ്ലി തുടങ്ങിയത്. ഇതൊരു വ്യവസായ പ്ലാറ്റ്‌ഫോം എന്നതിലുപരി, ഒരേപോലുള്ള സമ്മർദങ്ങൾ അനുഭവിക്കുന്നവർക്ക് യഥാർത്ഥ സംഭാഷണങ്ങൾ നടത്താനുള്ള ഒരു വിശ്വസ്ത സമൂഹമാണ്.

2. മിക്ക മാർക്കറ്റിങ് കൂട്ടായ്മകളും സിഎംഒമാരോട് സംസാരിക്കുന്നതിന് പകരം അവരെ ഉപദേശിക്കാനാണ് ശ്രമിക്കുന്നതെന്ന് താങ്കൾ പറയാറുണ്ടല്ലോ. എന്താണ് ഈ മാതൃകയുടെ കുഴപ്പം?

ഉത്തരം: ഇന്നത്തെ മിക്ക കൂട്ടായ്മകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ആൾക്കാരുടെ മുന്നിൽ ആളാകാനാണ്, അല്ലാതെ ഉള്ളിലുള്ളത് തുറന്നുപറയാനല്ല. എല്ലായിടത്തും ഒരേ ഫോർമാറ്റാണ്: ഒരു വേദി, ഒരു മോഡറേറ്റർ, സ്ഥിരം ചോദ്യങ്ങൾ, മിനുക്കിയെടുത്ത ഉത്തരങ്ങൾ, സ്പോൺസർമാരുടെ താൽപര്യങ്ങൾ, എല്ലാം അറിയാമെന്ന് ഭാവിക്കുന്ന കുറേപ്പേർ. പക്ഷെ യഥാർത്ഥ ചർച്ചകൾ നടക്കുന്നത് അങ്ങനെയല്ല.

സിഎംഒമാർക്ക് കൂടുതൽ ഉപദേശങ്ങളല്ല വേണ്ടത്. അവർക്ക് വേണ്ടത് സഹപ്രവർത്തകരുടെ സത്യസന്ധമായ അനുഭവങ്ങളാണ്. 'ഈ ക്യാമ്പയിൻ പരാജയപ്പെട്ടു', 'ബ്രാൻഡിന് വേണ്ടി മുടക്കുന്ന പണത്തിന്റെ ഫലം എങ്ങനെ തെളിയിക്കുമെന്ന് എനിക്കറിയില്ല', 'എഐ കാരണം എൻ്റെ ടീമിൽ വലിയ മാറ്റങ്ങൾ വരുന്നു', 'മൂന്ന് വർഷത്തിനുള്ളിൽ മാർക്കറ്റിങ് എങ്ങനെയായിരിക്കുമെന്ന് ഒരു പിടിയുമില്ല' എന്നൊക്കെ തുറന്നുപറയാൻ കഴിയുന്ന ഒരിടമാണ് അവർക്കാവശ്യം. ഏറ്റവും നല്ല സംഭാഷണങ്ങൾ തുടങ്ങുന്നത് പലപ്പോഴും സംശയങ്ങളിൽ നിന്നാണ്.

3. ഈ പ്ലാറ്റ്ഫോം തുടങ്ങാൻ കാരണമായ ഒരു പ്രത്യേക നിമിഷമോ സംഭാഷണമോ ഉണ്ടായിട്ടുണ്ടോ?

ഉത്തരം: ഉണ്ട്. ഇൻഡസ്ട്രി പരിപാടികൾക്ക് ശേഷം സിഎംഒമാരുമായി ഞാൻ സംസാരിക്കാറുണ്ടായിരുന്നു - വേദിയിലല്ല, ചായ കുടിക്കുമ്പോഴോ അത്താഴം കഴിക്കുമ്പോഴോ. വേദിയിൽ അവർ പറഞ്ഞ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അപ്പോൾ സംസാരിക്കുക. സ്റ്റേജിൽ വലിയ ആത്മവിശ്വാസത്തോടെ സംസാരിച്ചവർ പോലും തങ്ങൾ സമ്മർദ്ദത്തിലാണെന്നും പഴയ മാർക്കറ്റിങ് രീതികൾ ഇനി വിലപ്പോവില്ലെന്നും ബോർഡിന്റെ പ്രതീക്ഷകൾ താങ്ങാനാകുന്നില്ലെന്നും എഐ എങ്ങോട്ടാണ് ഈ മേഖലയെ കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും സ്വകാര്യമായി സമ്മതിക്കുമായിരുന്നു.

ആ വ്യത്യാസം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള മാർക്കറ്റിങ് സംഭാഷണങ്ങൾ നടക്കുന്നത് അടച്ചിട്ട മുറികളിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആ സംഭാഷണങ്ങൾക്ക് ഒരു യഥാർത്ഥ ഇടം വേണമെന്ന ചിന്തയിൽ നിന്നാണ് ദി സിഎംഒ അസംബ്ലി ജനിച്ചത്.

4. പൊതുജനം കാണാത്ത, സിഎംഒമാർ സ്വകാര്യമായി ചർച്ച ചെയ്യുന്ന ഏറ്റവും വലിയ ആശങ്കകൾ എന്തൊക്കെയാണ്?

ഉത്തരം: മൂന്ന് കാര്യങ്ങൾ ആവർത്തിച്ച് വരാറുണ്ട്. ഒന്ന്, പ്രസക്തി. എഐ വന്നതോടെ, പഴയ ബ്രാൻഡ് ബിൽഡിങ് രീതികൾ ഇനിയും പ്രവർത്തിക്കുമോ എന്ന് പലരും സംശയിക്കുന്നു. രണ്ട്, അളവുകോൽ. മുടക്കുന്ന ഓരോ രൂപയ്ക്കും കണക്ക് ബോധിപ്പിക്കണം. എന്നാൽ മൂല്യമുള്ള എല്ലാ കാര്യങ്ങളും പെട്ടെന്ന് അളക്കാൻ കഴിയില്ല. ഹ്രസ്വകാല പ്രകടനക്കണക്കുകൾക്കും ദീർഘകാല ബ്രാൻഡ് വളർച്ചയ്ക്കും ഇടയിൽ പെട്ടുപോവുകയാണ് സിഎംഒമാർ. മൂന്ന്, സ്വത്വം. ഭാവിയിൽ ഒരു മാർക്കറ്റിങ് ടീമിന്റെ ഘടന എങ്ങനെയായിരിക്കണമെന്ന് എഐ നമ്മളെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു. 'മാർക്കറ്റിങ്ങിൽ മനുഷ്യന് മാത്രമായി എന്ത് ചെയ്യാനാകും?' എന്ന് പലരും ചോദിച്ചു തുടങ്ങിയിരിക്കുന്നു.

5. മാർക്കറ്റിങ്ങിന് മുടക്കുന്ന പണത്തിനും അതിൽ നിന്നുള്ള വരുമാനത്തിനും കണക്ക് ബോധിപ്പിക്കാൻ സിഎംഒമാർക്ക് എന്നത്തേക്കാളും സമ്മർദമുണ്ടോ?

ഉത്തരം: തീർച്ചയായും. പണ്ട് മാർക്കറ്റിങ്ങിൻ്റെ ഫലം വരാൻ സമയമെടുക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഇന്ന്, ഓരോ പ്രവർത്തനത്തിന്റെയും ഫലം, കാര്യക്ഷമത, ബിസിനസ്സിൽ അതുണ്ടാക്കിയ സ്വാധീനം എന്നിവയെക്കുറിച്ച് ഉടനടി വ്യക്തത വേണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.

ഹ്രസ്വകാല വരുമാനവും ദീർഘകാല ബ്രാൻഡ് ഓർമ്മയും എന്നിങ്ങനെ രണ്ട് തലങ്ങളിലാണ് മാർക്കറ്റിങ് പ്രവർത്തിക്കുന്നത്. പെട്ടെന്ന് അളക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുമ്പോഴാണ് അപകടം. ഒരുപക്ഷേ നിങ്ങൾ ഒരു പാദത്തിലെ കാര്യക്ഷമത വർധിപ്പിക്കുമായിരിക്കും, പക്ഷേ പതിയെപ്പതിയെ ബ്രാൻഡിന്റെ തനിമ നഷ്ടപ്പെട്ടേക്കാം. വളർച്ചയുണ്ടാക്കാൻ മാത്രമല്ല, എടുക്കുന്ന ഓരോ തീരുമാനത്തെയും അപ്പപ്പോൾ പ്രതിരോധിക്കാനും ഇന്നത്തെ സിഎംഒമാർ ബാധ്യസ്ഥരാണ്.

6. എഐയുടെ വരവ് മാർക്കറ്റിങ് മേധാവികൾക്കിടയിലെ സംഭാഷണങ്ങളുടെ സ്വഭാവം മാറ്റിമറിച്ചോ?

ഉത്തരം: പൂർണമായും. ഒരു വർഷം മുൻപ് എഐയെക്കുറിച്ചുള്ള സംഭാഷണങ്ങൾ കൗതുകത്തിന്റെ പുറത്തായിരുന്നു. ഇന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. 'എഐ നമ്മളെ എങ്ങനെയൊക്കെ സഹായിക്കും?' എന്ന ചോദ്യത്തിൽനിന്ന് 'എഐ എല്ലാം മാറ്റിമറിച്ചാൽ മാർക്കറ്റിങ് ഓർഗനൈസേഷനുകൾക്ക് എന്ത് സംഭവിക്കും?' എന്നതിലേക്ക് സംഭാഷണങ്ങൾ മാറി.

ചെറിയ ടീമുകൾ, എഐ നിർമ്മിക്കുന്ന ക്രിയേറ്റീവ് വർക്കുകൾ, ഉപഭോക്താക്കളുടെ സ്വഭാവത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സിഎംഒമാർ ചർച്ച ചെയ്യുന്നു. ഏറ്റവും മിടുക്കരായ നേതാക്കൾ എഐയെ ഒരു ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള ഉപകരണം മാത്രമായിട്ടല്ല കാണുന്നത്, മറിച്ച് ബ്രാൻഡുകൾ നിർമ്മിക്കുന്ന രീതിയെത്തന്നെ മാറ്റിമറിക്കുന്ന ഒരു ഘടനാപരമായ മാറ്റമായിട്ടാണ് കാണുന്നത്.

7. ഈ അടച്ചിട്ട മുറികളിൽ നടക്കുന്ന സംഭാഷണങ്ങളിൽ മാർക്കറ്റിങ് വിദഗ്ധർ ഒടുവിൽ സമ്മതിക്കുന്ന, കേൾക്കാൻ ആഗ്രഹിക്കാത്ത സത്യം എന്താണ്?

ഉത്തരം: മാർക്കറ്റിങ്ങിൻ്റെ ഭാവി എന്തായിരിക്കുമെന്ന് ആർക്കും പൂർണമായി അറിയില്ല എന്നതാണ് ആ സത്യം. വർഷങ്ങളായി, ഈ വ്യവസായം ആത്മവിശ്വാസത്തിനും ഉറപ്പുകൾക്കും വലിയ വില കൽപ്പിച്ചിരുന്നു. എന്നാൽ പഴയ കളികൾക്കൊന്നും ഇപ്പോൾ ഫലം കിട്ടുന്നില്ലെന്ന് പല നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നു.

ഉപഭോക്താക്കളുടെ ശ്രദ്ധ ചിതറിപ്പോയിരിക്കുന്നു. ബ്രാൻഡിനോടുള്ള കൂറ് കുറഞ്ഞു. അൽഗോരിതങ്ങളാണ് എന്ത് കാണണമെന്ന് തീരുമാനിക്കുന്നത്. എഐ ക്രിയേറ്റിവിറ്റിയെ മാറ്റിമറിക്കുന്നു. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മാർക്കറ്റിങ് കൊണ്ടുമാത്രം ഒരു ബ്രാൻഡിനെ നിലനിർത്താനാവില്ല. ഏറ്റവും പരിചയസമ്പന്നരായ മാർക്കറ്റർമാർ പോലും വീണ്ടും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ആ അസുഖകരമായ സത്യം.

8. പരസ്പരം മത്സരിക്കുന്ന സിഎംഒമാർക്കിടയിൽ വിശ്വാസം വളർത്തിയെടുക്കുന്നത് ബുദ്ധിമുട്ടല്ലേ? ആളുകൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരിടം എങ്ങനെയാണ് നിങ്ങൾ സൃഷ്ടിക്കുന്നത്?

ഉത്തരം: ഉദ്ദേശശുദ്ധിയിൽ നിന്നാണ് വിശ്വാസം വരുന്നത്. ഒരു പ്ലാറ്റ്ഫോം നിലനിൽക്കുന്നത് ആളാകാനോ, എന്തെങ്കിലും വിൽക്കാനോ, വിവരങ്ങൾ ചോർത്താനോ ആണെന്ന് ആളുകൾക്ക് തോന്നിയാൽ സത്യസന്ധത അപ്രത്യക്ഷമാകും. ദി സിഎംഒ അസംബ്ലിയിൽ, ആരെയും സമ്മർദം ചെലുത്താതെ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറിയ സംഘങ്ങൾ, റെക്കോർഡ് ചെയ്യാത്ത സെഷനുകൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

തമാശയെന്തെന്നാൽ, ആരെയും ആകർഷിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ആളുകൾ തിരിച്ചറിയുമ്പോൾ, സംഭാഷണങ്ങൾ കൂടുതൽ മൂല്യമുള്ളതായി മാറും. മുതിർന്ന നേതാക്കൾക്ക് കൂടുതൽ നെറ്റ്‌വർക്കിങ് അല്ല വേണ്ടത്, മറിച്ച് അർത്ഥവത്തായ കുറച്ച് സംഭാഷണങ്ങളാണ്.

9. ദി സിഎംഒ അസംബ്ലി തുടങ്ങിയതിന് ശേഷം താങ്കളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ കാര്യം എന്താണ്?

ഉത്തരം: സിഎംഒമാർ എത്രമാത്രം സത്യസന്ധത ആഗ്രഹിച്ചിരുന്നു എന്നതാണ്. ഞാൻ താൽപ്പര്യം പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇത്രയധികം വൈകാരികമായ തുറന്നുപറച്ചിലുകൾ പ്രതീക്ഷിച്ചിരുന്നില്ല. പല സിഎംഒമാരും അവരുടെ സമ്മർദ്ദങ്ങൾ പുറത്തുപറയാറില്ല.

പുറത്തുനിന്ന് നോക്കുമ്പോൾ മാർക്കറ്റിങ് നേതൃത്വം വളരെ ഗ്ലാമറുള്ള ജോലിയാണ്. എന്നാൽ ഉള്ളിൽ അത് വളരെ ഒറ്റപ്പെട്ട ഒന്നാകാം. 'എല്ലാം എന്റെ നിയന്ത്രണത്തിലാണ്' എന്ന മുഖംമൂടി അണിയേണ്ടാത്ത ഒരിടമാണിതെന്ന് തിരിച്ചറിഞ്ഞപ്പോൾ നേതാക്കൾ എത്ര പെട്ടെന്നാണ് പ്രതികരിച്ചതെന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്.

10. മുതിർന്ന നേതാക്കളെ ഈ പുതിയ പ്ലാറ്റ്‌ഫോമിൽ വിശ്വസിപ്പിക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നോ?

ഉത്തരം: ആദ്യഘട്ടത്തിൽ, അങ്ങനെ ഉണ്ടായിരുന്നു. കാരണം ഈ രംഗത്ത് വിശ്വാസം പതുക്കെയാണ് ആർജ്ജിക്കാൻ കഴിയുന്നത്. പല കൂട്ടായ്മകളും പിന്നീട് കച്ചവടമായി മാറുന്നത് മുതിർന്ന നേതാക്കൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരിക്കലും പെട്ടെന്ന് വളരാനോ വലിയ പ്രചാരണം നൽകാനോ ശ്രമിച്ചില്ല. എണ്ണത്തേക്കാൾ ഗുണമേന്മയിലും കാഴ്ചക്കാരേക്കാൾ സംഭാഷണങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

കാലക്രമേണ വിശ്വാസം വർധിച്ചു. ബഹുമാനിക്കപ്പെടുന്ന ഒരു നേതാവിന് നല്ലൊരനുഭവം ഉണ്ടാകുമ്പോൾ, അവർ മറ്റുള്ളവരെ കൊണ്ടുവരും. പരമ്പരാഗത വളർച്ചാ തന്ത്രങ്ങളേക്കാൾ ശക്തമായിരുന്നു ആ ജൈവപരമായ വിശ്വാസം.

11. അഞ്ച് വർഷത്തിന് ശേഷം ദി സിഎംഒ അസംബ്ലി എന്തായിത്തീരണമെന്നാണ് ആഗ്രഹം?

ഉത്തരം: ഈ മേഖലയിലെ സിഎംഒമാർക്ക് ഏറ്റവും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു കൂട്ടായ്മയായി ഇത് മാറണം. ഏറ്റവും വലുതായതുകൊണ്ടല്ല, ഏറ്റവും സത്യസന്ധമായതുകൊണ്ട്. യഥാർത്ഥ ചിന്തകൾ ഉയർന്നുവരുന്ന, അർത്ഥവത്തായ ഗവേഷണങ്ങൾ നടക്കുന്ന, ഭാവിയിലെ മാർക്കറ്റിങ് നേതാക്കളെ വാർത്തെടുക്കുന്ന, മുഖ്യധാരയിൽ എത്തുംമുമ്പേ കഠിനമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരിടം.

കാഴ്ചകൾ സൃഷ്ടിക്കുന്നതിനേക്കാൾ വ്യക്തത നൽകുന്ന സമൂഹങ്ങൾക്കാണ് ഭാവിയെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ 'ദി മാർക്കറ്റിങ് അസംബ്ലി' എന്ന പേരിൽ മറ്റൊരു കൂട്ടായ്മയും നടത്തുന്നുണ്ട്. അത് മാർക്കറ്റിങ് രംഗത്തുള്ള എല്ലാവർക്കുമായി തുറന്നതാണ്. അതിന്റെ ഉദ്ദേശവും ഇതുതന്നെയാണ് - ആളുകൾ പരസ്പരം വളരാൻ സഹായിക്കുക.

12. ഇന്ത്യയിലെ ഓരോ സിഎംഒയോടും സ്വകാര്യമായി ഒരു ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചാൽ, എന്തായിരിക്കും ചോദിക്കുക?

ഉത്തരം: 'ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ, നാളെ മാർക്കറ്റിങ്ങിൽ നിങ്ങൾ എന്ത് കാര്യമാണ് നിർത്തുക?' എന്ന് ഞാൻ ചോദിക്കും. കാരണം ആ ചോദ്യം എല്ലാം വെളിപ്പെടുത്തും, നമ്മൾ രഹസ്യമായി വിശ്വസിക്കാത്ത കണക്കുകൾ, പേരിന് വേണ്ടി നടത്തുന്ന ക്യാമ്പെയ്നുകൾ, ഒരു പ്രയോജനവുമില്ലാത്ത മീറ്റിങ്ങുകൾ, ആരും വായിക്കാത്ത റിപ്പോർട്ടുകൾ, മറ്റുള്ളവർ ചെയ്യുന്നതുകൊണ്ട് മാത്രം നമ്മളും തുടരുന്ന ശീലങ്ങൾ. അവിടെ നിന്നാണ് സത്യസന്ധമായ മാർക്കറ്റിങ് സംഭാഷണങ്ങൾ ആരംഭിക്കുന്നത്.