Asianet News MalayalamAsianet News Malayalam

കഫേ കോഫീ ഡേ കൊക്കകോളയുടെ സ്വന്തമാകുമോ?, സിദ്ധാര്‍ത്ഥയുടെ മരണശേഷം കാര്യങ്ങള്‍ നീങ്ങുന്നത് ഈ രീതിയില്‍

രാജ്യത്താകെ 1,750 ലധികം ഔട്ട്ലെറ്റുകളുള്ള കോഫി വിതരണ ശൃംഖലയാണ് കഫേ കോഫി ഡേ. കൊക്കകോളയുമായി പതിനായിരം കോടി രൂപയുടെ  ഇടപാട് നടത്താനാണ് വി ജി സിദ്ധാര്‍ത്ഥ നേരത്തെ ശ്രമിച്ചത്. 

coca cola plan to take cafe coffee day
Author
Bangalore, First Published Aug 19, 2019, 12:30 PM IST

ബാംഗ്ലൂര്‍: കഫേ കോഫി ഡേ  ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും  കൊക്കകോള കമ്പനി തുടക്കം കുറച്ചതായി സൂചന. കൊക്കകോളയുമായുള്ള  ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടയായിരുന്നു കോഫി ഡേ ഗ്രൂപ്പ് ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്.  കോഫി വിതരണ രംഗത്ത് ഈ വര്‍ഷം അവസാനത്തോടെ പുതിയ ബ്രാന്‍ഡ് രംഗത്തിറക്കുകയാണ് ഏറ്റെടുക്കലിലൂടെ കൊക്കകോള ലക്ഷ്യമിടുന്നത്.

കഫേ കോഫി ഡേയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച ആഗോള ഭീമനായ കൊക്കകോള കമ്പനിയുമായുളള ചര്‍ച്ചകൾ പുരോഗമിക്കവെയാണ് കോര്‍പ്പറേറ്റ് ലോകത്തെ ഞെട്ടിച്ച് വി ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. ഇതിനെ തുടര്‍ന്ന് നിലച്ച ഏറ്റെടുക്കല്‍ ചർച്ചകൾ വീണ്ടും തുടങ്ങിയതായാണ് സൂചന. കോഫി ഡേയെ പ്രതിസന്ധിയില്‍  നിന്നും കരകയറ്റാന്‍ പുതിയ ബോര്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്ന ആഗ്രഹവും, സിദ്ധാര്‍ത്ഥ ആത്മഹത്യക്ക് മണിക്കൂറുകള്‍ മുന്പ് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ പ്രകടിപ്പിച്ചിരുന്നു. 

രാജ്യത്താകെ 1,750 ലധികം ഔട്ട്ലെറ്റുകളുള്ള കോഫി വിതരണ ശൃംഖലയാണ് കഫേ കോഫി ഡേ. കൊക്കകോളയുമായി പതിനായിരം കോടി രൂപയുടെ  ഇടപാട് നടത്താനാണ് വി ജി സിദ്ധാര്‍ത്ഥ നേരത്തെ ശ്രമിച്ചത്. എന്നാല്‍, ഇപ്പോൾ കൊക്കകോള എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. കോഫി വില്‍പ്പന മേഖലയിലേക്ക് ഇറങ്ങാനുള്ള കൊക്കകോളയുടെ തീരുമാനത്തിന്‍റെ  ഭാഗമായാണ് കഫേ കോഫി ഡേ ഏറ്റെടുക്കാനുളള ആലോചന.  നേരത്തെ ആഗോള കോഫി ചെയിനായ കോസ്റ്റ കോഫിയും കൊക്കകോള കമ്പനി ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവിധ രാജ്യങ്ങളില്‍ കോക്കകോള കോഫി എന്ന ശൃംഖല തുടങ്ങാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios