ദില്ലി: രാജ്യത്തെ സാധാരണക്കാരുടെ കീശ ചോരുന്ന മറ്റൊരു തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പാചക വാതകത്തിന് നൽകിവരുന്ന സബ്‌സിഡി ബാധ്യതയെ തുടർന്നാണ് സർക്കാരിന്റെ നീക്കം. ഇതിനായി ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയിൽ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വർധിപ്പിക്കും. 2019 ജൂലൈക്കും 2020 ജനുവരിക്കും ഇടയിൽ 63 രൂപയാണ് പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്. ഒൻപത് രൂപ വീതം മാസം വർധിപ്പിച്ചിരുന്നു.

നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളിൽ ആവശ്യമായി വന്നാൽ അത് വിപണി വിലയിൽ വാങ്ങേണ്ടി വരും. എന്നാൽ പതിയെ പതിയെ നിരക്ക് വർധിപ്പിച്ച്, കേന്ദ്രത്തെ സബ്സിഡി ബാധ്യതയിൽ നിന്ന് പൂർണ്ണമായും അകറ്റുന്നതിനാണ് നീക്കം. ഇത് നടപ്പിലായാൽ സാധാരണക്കാരൻ ഒരു വർഷം 12 സിലിണ്ടറിനും കൂടി വിപണി വില നൽകേണ്ടി വരും.

പ്രതിമാസ വർധനവിന് പുറമെ ഓരോ മൂന്ന് മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വർധനവുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.