വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വ്യക്തിപരമായും നഷ്ടങ്ങൾ വരുത്തിവച്ചു. ഇദ്ദേഹത്തിന് ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായി.

ട്രംപിനെ സഹസ്ര കോടീശ്വരനാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഹോട്ടൽ വ്യവസായം, റിയൽ എസ്റ്റേറ്റ്, ഗോൾഫ് കോഴ്സ് എന്നിവയെല്ലാം തിരിച്ചടി നേരിട്ട കൂട്ടത്തിലുണ്ട്. 

അമേരിക്കയിലും കാനഡയിലുമുള്ള അദ്ദേഹത്തിന്റെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ അടച്ചിട്ട നിലയിലാണ്. ഇവിടെയുള്ള 2200 ഓളം റൂമുകളിൽ ഒരൊറ്റയാൾ പോലുമില്ല. അമേരിക്കയിലും സ്കോട്‌ലന്റിലും അയർലന്റിലും സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സുകളും പ്രവർത്തനം നിർത്തിയേ പറ്റൂ എന്ന നിലയിലാണ്.

അമേരിക്കയിലെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള അദ്ദേഹത്തിന്റെ സതേൺ വൈറ്റ് ഹൗസും അടക്കേണ്ട നിലയിലായി. ഇതോടെ കൊവിഡിന്റെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത്, ബിസിനസ് രംഗത്ത് തന്റെ വ്യക്തിപരമായ നിലനിൽപ്പിന് പോലും ആവശ്യമായി വന്നിരിക്കുകയാണ്.