കോഴിക്കോട്: വിമാനടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര ചെയ്യേണ്ടിയിരുന്ന തീയതിയും ലോക്ക് ഡൗൺ കാലയളവിലാണോ? എങ്കിൽ മാത്രമേ ഇളവുള്ളൂ എന്നാണ് കേന്ദ്രവ്യോമയാനമന്ത്രാലയം ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതോടെ, മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ട അവസ്ഥയിലാണ്. പ്രവാസികൾ അടക്കം വിമാനയാത്ര ചെയ്യുന്ന പലരും മാസങ്ങൾക്ക് മുന്നേ ടിക്കറ്റെടുത്ത് വയ്ക്കുന്നവരാണ്. കേന്ദ്രസർക്കാരിന്‍റെ വിചിത്ര ഉത്തരവ് മൂലം കയ്യിലുള്ള പണം പോവുക മാത്രമല്ല, ക്യാൻസലേഷൻ ചാർജും നൽകേണ്ട ദുരവസ്ഥയിലേക്കാണ് പ്രവാസികൾ പോകുന്നത്. 

മുഴുവന്‍ റീഫണ്ട് അനുവദിക്കണമെങ്കില്‍ യാത്രക്കായി തെരഞ്ഞെടുത്ത തീയതി മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും ലോക്ഡൗണ്‍ കാലത്തായിരിക്കണമെന്നാണ് ഈ വിചിത്ര ഉത്തരവിലുള്ളത്. ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും. അതായത് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന് കരുതി ബുക്ക് ചെയ്തവർക്ക് മാത്രമേ ടിക്കറ്റ് തുക തിരികെ നൽകൂ എന്നർത്ഥം.

എന്നാൽ ഏപ്രിൽ 14-ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ നീട്ടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നതാണ്. അതിനാൽത്തന്നെ പ്രവാസികളാരും ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നില്ല. ഇതിൽ ആകെ ആശ്വാസം രാജ്യത്തിനകത്ത് തന്നെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ആഭ്യന്തരയാത്രക്കാർക്ക് മാത്രമാണ്. അവർക്ക് മുഴുവൻ റീഫണ്ട് കിട്ടിയേക്കും. 

എന്നാൽ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ അടക്കമുള്ളവര്‍ ഇതോടെ വലിയൊരു തുക ക്യാന്‍സലേഷന്‍ ചാര്‍ജായി നല്‍കേണ്ടി വരും. വിമാനക്കമ്പനി വിമാനം പറത്താത്തതിന് യാത്രക്കാരന്‍ കാശ് കൊടുക്കേണ്ട അവസ്ഥ.

ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് വച്ചാലും വിമാനക്കമ്പനികള്‍ക്ക് നിബന്ധനയുണ്ട്. 2021 മാര്‍ച്ച് 31 നകം യാത്ര ചെയ്തിരിക്കണം. പ്രവാസികള്‍ കൂടുതലും നാട്ടിലെത്തുന്ന ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലേക്കോ നാട്ടിലെ സ്കൂള്‍ അവധിക്കാലമായ ഏപ്രിൽ - മെയ് മാസങ്ങളിലേക്കോ ടിക്കറ്റ് മാറ്റാനാവില്ല.