തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം നേരിടാൻ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്‍റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവിൽ നിര്‍ദ്ദേശിക്കുന്നത്. ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം  രൂപയിൽ താഴെ  ശമ്പളമുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. 

ശമ്പളം പിടിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് ഉത്തരവിൽ പറയുന്നു. അതേ സമയം പിടിച്ചെടുക്കുന്ന ശമ്പളം പിന്നീട് തിരിച്ച് കൊടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ പിടിച്ച തുക തിരിച്ച് നൽകുമെന്നായിരുന്നു ധനമന്ത്രി അടക്കം ആവര്‍ത്തിച്ച് വിശദീകരിച്ചിരുന്നത് . ഇതെ കുറിച്ച് ഒന്നും ഉത്തരവിൽ പരാമര്‍ശിക്കുന്നില്ല. 

സാലറി ചലഞ്ചിന് ബദലെന്ന നിലയിൽ ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽ കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നത്. പ്രളയകാലത്തെ സാലറി ചലഞ്ച് കോടതിയിൽ ചോദ്യം ചെയ്തതിന് സമാനമായി നിയമ നടപടികളെ കുറിച്ചും കാര്യമായ ആലോചനകൾ നടക്കുന്നുണ്ട്. പിടിച്ചെടുത്ത ശമ്പളം കരുതലെന്ന നിലക്കാണെന്നും അത് പിന്നീട് തിരിച്ച് നൽകുമെന്നുമുള്ള വാഗ്ദാനം ഉത്തരവിലില്ലാത്തതിനാൽ ഇത് സംബന്ധിച്ച് കടുത്ത എതിര്‍പ്പ് ഉയരാനിടയുണ്ടെന്നാണ് സൂചന,