തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ നഷ്ടം 200 കോടി കവിഞ്ഞെന്ന് കണക്ക്. കൊവിഡ് നിയന്ത്രണങ്ങൾ നീണ്ടുപോയാൽ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്. ജനം വീട്ടിലിരിക്കുന്നതിനാൽ ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കൂടിയിട്ടുമുണ്ട്. പക്ഷെ വൈദ്യുതി ബോര്‍ഡിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും നല്‍കുന്ന ഗാര്‍ഹികേതര ഉപഭോകാക്തക്കളല്‍ നിന്നുള്ള വരുമാനമാണ് കുത്തനെ ഇടിഞ്ഞത്. 

വ്യാപാര  വാണിജ്യ സ്ഥാപനങ്ങളും, വ്യവസായ യൂണിറ്റുകളും അ‍ടഞ്ഞു കിടക്കുന്നതാണ് കനത്ത തിരിച്ചടിക്കുള്ള പ്രധാന കാരണം. പ്രതിദിനം ശരാശരി 9 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗ നടന്നിരുന്നിടത്ത് ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇത് 7 കോടിയായി കുറഞ്ഞു. ശമ്പളവും പെൻഷനും നല്‍കാന്‍ പ്രതിമാസം 330 കോടി രൂപയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ആവശ്യം. നിയന്ത്രണങ്ങൾ നീണ്ടാല്‍ ഉപഭോക്താക്കളുടെ ബില്ല് അടക്കലും നീളും .

കേരളത്തിന് പുറത്തുള്ള കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാര്‍ നിലവിലുണ്ട്. ഈ വൈദ്യുതി വാങ്ങിയില്ലെങ്കിലും ഫിക്സഡ് ചാര്‍ജ്ജ് നല്‍കണം.  ഇതും പ്രതിസന്ധിക്ക് ആക്കം കൂട്ടും. നിലവിലെ സാഹചര്യം  കണക്കിലെടുത്ത് ദീര്‍ഘകാല വൈദ്യുതി  വാങ്ങല്‍ കരാറുകള്‍ക്കുള്ള ഫിക്സഡ് ചാജ്ജില്‍ ഇളവ് വേണമെന്ന് കെഎസ്ഇബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു