രാജ്യം പട്ടിണിയിലേക്ക് പോകാതിരിക്കണമെങ്കിൽ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രാജ്യത്ത് ഭക്ഷണത്തിനായുളള സംഘർഷം മുന്നിൽ കാണണമെന്ന് പി സായ്നാഥും മുന്നറിയിപ്പ് നൽകുന്നു.
1,70,000 കോടി രൂപയുടെ പാക്കേജാണ് ലോക്ക്ണി ഡൗണിന്‍റെ തുടക്കത്തിൽ കേന്ദ്രം പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ നാല്പതു ദിവസം ആക്കുകയും അതുകൊണ്ടും പ്രതിസന്ധി അവസാനിക്കില്ലെന്ന സൂചന കൂടി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടാം പാക്കേജിനുള്ള ആവശ്യം ശക്തമാകുന്നത്.
നാലു ലക്ഷം കോടി രൂപയുടെ പാക്കേജ് ഉടൻ വേണമെന്ന് വ്യവസായ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
രാജ്യം പട്ടിണിയിലേക്ക് പോകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് അമർത്യ സെൻ, രഘുറാം രാജൻ, അഭിജിത് ബാനർജി എന്നിവർ സംയുക്ത ലേഖനത്തിൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സാധാരണക്കാർക്ക് പണം നേരിട്ടെത്തിക്കാൻ തുടങ്ങിയത് നല്ല നീക്കമാണ്. എന്നാൽ ഇത് മാത്രം ദുരിതം തടഞ്ഞു നിറുത്തില്ല. കൂടുതൽ കാലത്തേക്ക് സൗജന്യ റേഷൻ നല്കണം. നിലവിൽ മൂന്നു മാസത്തേക്ക് അഞ്ച് കിലോ വീതം നല്കാനാണ് തീരുമാനം. റേഷൻ കാർഡിന് അപേക്ഷിച്ച എല്ലാവർക്കും താല്ക്കാലിക കാർഡ് നല്കി ഭക്ഷ്യവിതരണം ഉറപ്പാക്കണം. തൊഴിലുറപ്പ്, ഉജ്ജ്വല , ആരോഗ്യ സുരക്ഷ പദ്ധതികളിൽ ഉള്ളവർക്ക് 5000 രൂപ വീതം അക്കൗണ്ട് വഴി നല്കുക എന്ന നിർദ്ദേശം പരിഗണിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. രാജ്യത്ത് ഭക്ഷണത്തിനായുളള സംഘർഷം മുന്നിൽ കാണണമെന്ന് പി സായ്നാഥും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഗ്രാമീണ മേഖലയിൽ നിയന്ത്രണങ്ങൾ നീങ്ങുമ്പോൾ സ്ഥിതി മെച്ചപ്പെടും എന്നാണ് സർക്കാർ വിലയിരുത്തൽ. ആവശ്യമെങ്കിൽ സംസ്ഥാനങ്ങളുടെ നിർദ്ദേശം പരിഗണിച്ച് കൂടുതൽ ഇളവുകൾ നല്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
