ബെംഗളൂരു: കൊവിഡിനെ തുടർന്ന് രാജ്യത്ത് പത്ത് കോടി മുതൽ 12 കോടി വരെ ദിവസ വേതന തൊഴിലാളികൾക്ക് ജോലിയില്ലാതായെന്ന് റിപ്പോർട്ട്. ജോലിയില്ലാത്തതിനാൽ ഇവർക്ക് കൂലിയും കിട്ടിയില്ല. അതുകൊണ്ടു തന്നെ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ. സ്റ്റാഫിങ് ഏജൻസികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തത്.

വരുന്ന സാമ്പത്തിക പാദത്തിലും തൊഴിലുകൾ ഇടിയുമെന്നാണ് വിവരം. വരാനിരിക്കുന്ന ഉത്സവ സീസണുകളിൽ ഉപഭോഗം വർധിക്കുകയാണെങ്കിൽ മാത്രമേ ഈ കൂലിത്തൊഴിലാളികളുടെ കാര്യത്തിലും ഭേദപ്പെട്ട മാറ്റം ഉണ്ടാവൂ. ഇപ്പോൾ ജോലിയും കൂലിയുമില്ലാതായ സാധാരണക്കാരിൽ 80 ശതമാനത്തോളം പേരും വ്യവസായ മേഖലയിൽ നിന്നുള്ളവരാണ്.

മാർച്ച് 25 നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഏപ്രിൽ 24 ന് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രണ്ട് മുതൽ മൂന്ന് കോടി വരെ ആളുകൾക്കാണ് ഇപ്പോഴും ജോലി ചെയ്യാൻ അവസരം കിട്ടിയിരിക്കുന്നത്.  ട്രാവൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷൻ, റീട്ടെയ്ൽ, ഔട്ട്ഡോർ എന്റർടെയ്ൻമെന്റ്, ഫുഡ് ആന്റ് ബിവറേജ്, റിയൽ എസ്റ്റേറ്റ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.