ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി പണം ചെലവഴിക്കാനുള്ള പ്രവണതയുണ്ട്

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സൗകര്യപ്രദമാണെന്ന് തോന്നാമെങ്കിലും, ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ സാമ്പത്തിക കെണികളൊരുക്കും. പലപ്പോഴും ആളുകള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ മയങ്ങി അമിതമായി പണം ചെലവഴിക്കുകയും പിന്നീട് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ ഒരു കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുന്നത് പതിവാണ്. ചിലപ്പോള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റില്‍ പണം നിറച്ച് അതുപയോഗിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുന്നതും ചിലര്‍ ചെയ്യാറുണ്ട്. പണം പിന്‍വലിക്കുമ്പോള്‍ ഏകദേശം 2.5% ചാര്‍ജ് ഈടാക്കിയിട്ട് പോലും മറ്റു വഴികളില്ലാത്തതിനാല്‍ ഇത് തുടരേണ്ടി വരുന്നു.

ഓട്ടോപേയും അബദ്ധങ്ങളും

കൂടുതല്‍ ആളുകളും ഒടിടി / മീഡിയ / പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാറുണ്ട്. എന്നാല്‍, പിന്നീട് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ മറന്നുപോകുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ ബില്ലിംഗ് ഓട്ടോമാറ്റിക്കായി തുടരും. ഇത് പലപ്പോഴും മാസങ്ങള്‍ക്കുശേഷമാണ് ആളുകള്‍ തിരിച്ചറിയാറുള്ളത്, അപ്പോഴേക്കും വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടാകും.

കൃത്യമായി അടച്ചില്ലെങ്കില്‍?

അതുപോലെ, പലരും ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ മറന്നുപോകാറുണ്ട്. അങ്ങനെയുള്ളവര്‍ ബാങ്ക് അക്കൗണ്ടുകള്‍ ക്രെഡിറ്റ് കാര്‍ഡുകളുമായി ലിങ്ക് ചെയ്യുകയോ ഓട്ടോപേ സംവിധാനം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് വലിയ ചാര്‍ജുകള്‍ നല്‍കേണ്ടി വരും. കൂടാതെ, വൈകി പണമടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും, കുടിശ്ശിക ഇല്ലെങ്കില്‍ പോലും ഇത് സംഭവിക്കാം. ഹോം ലോണിനോ വ്യക്തിഗത ലോണിനോ അപേക്ഷിക്കുമ്പോള്‍ മോശം ക്രെഡിറ്റ് സ്‌കോര്‍ കാരണം അപേക്ഷ നിരസിക്കപ്പെടുമ്പോഴാണ് പല കാര്‍ഡ് ഉടമകളും ഇത് തിരിച്ചറിയുന്നത്.

റിവാര്‍ഡുകളും അപകടസാധ്യതകളും

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി പണം ചെലവഴിക്കാനുള്ള പ്രവണതയുണ്ട്, കാരണം പണം ബാങ്കില്‍ ഇല്ലെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍ മൈലുകള്‍, കാഷ്ബാക്ക് എന്നിവയെക്കുറിച്ച് ഒരുപാട് പറയാറുണ്ടെങ്കിലും, റിവാര്‍ഡ് പോയിന്റുകള്‍ക്ക് വളരെ കുറഞ്ഞ മൂല്യമേ ഉള്ളൂ. ചിലപ്പോള്‍ ചെലവഴിക്കുന്ന തുകയുടെ 0.5-1 ശതമാനം മാത്രമാണ് ഉപയോക്താവിന് തിരികെ ലഭിക്കുന്നത്. മികച്ച കണ്‍വേര്‍ഷന്‍ നിരക്കുകളുള്ള റിവാര്‍ഡ് പോയിന്റുകള്‍ കാര്‍ഡ് നല്‍കുന്ന കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വിമാനത്താവളത്തിലെ ലോഞ്ചുകളില്‍ സൗജന്യ ഭക്ഷണം കഴിക്കാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനും വലിയ പ്രചാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില ഡെബിറ്റ് കാര്‍ഡുകളും ഈ സൗകര്യം നല്‍കുന്നുണ്ട്. അഥവാ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന് ഈ സൗകര്യമില്ലെങ്കില്‍ പോലും, വിമാനത്താവളത്തില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വരുന്ന പല ചെലവുകളേക്കാളും ലാഭകരം.

ക്രെഡിറ്റ് കാര്‍ഡ് ഒരു സൗകര്യമാണ്, അത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഗുണകരമാണ്. എന്നാല്‍, അശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കില്‍ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാറുമുണ്ട്.