എണ്ണ, സ്വര്‍ണം എന്നിവയൊഴികെയുള്ള ഇനങ്ങളുടെ ഇറക്കുമതി കൂടിയത് ആഭ്യന്തര ഡിമാന്‍ഡിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് ആഘോഷ സീസണായതും ഈ ഡിമാന്റ് കൂടാന്‍ സഹായകരമാകും.
രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 2026 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.2%നും 1.5%നും ഇടയിലായേക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട്. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളിലെ പുരോഗതി രാജ്യത്തിന്റെ വിദേശ വ്യാപാര മേഖലയ്ക്ക് നിര്‍ണായകമാവുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍, ഇരുരാജ്യങ്ങളും തമ്മില്‍ പുരോഗമിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടും, ഇറക്കുമതി കൂടുന്നത് കയറ്റുമതിയെ മറികടക്കുന്നത് വ്യാപാര കമ്മി കൂടാന്‍ കാരണമാകുന്നു. എണ്ണ, സ്വര്‍ണം എന്നിവയൊഴികെയുള്ള ഇനങ്ങളുടെ ഇറക്കുമതി കൂടിയത് ആഭ്യന്തര ഡിമാന്‍ഡിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് ആഘോഷ സീസണായതും ഈ ഡിമാന്റ് കൂടാന്‍ സഹായകരമാകും. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണ ഇറക്കുമതി ഉയരാനും സാധ്യതയുണ്ട്.
അതേസമയം, ആഗോള വിപണിയിലെ ഉയര്‍ന്ന ലഭ്യത കാരണം എണ്ണവില നിലവിലെ നിലയില്‍ തുടരാനാണ് സാധ്യത. ഇത് എണ്ണ ഇറക്കുമതി ചെലവ് കുറയാന്‍ സഹായകരമാകും.
കയറ്റുമതിയില്‍ പ്രതീക്ഷ
അമേരിക്കയുമായുള്ള വ്യാപാരത്തില്‍ അനിശ്ചിതത്വം നേരിടുമ്പോഴും രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ച സ്ഥിരമായി തുടരുന്നു. പുതിയ വിപണികളിലേക്ക് ഇന്ത്യ ചുവടുമാറ്റുന്നതിന്റെ ഫലമായാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളരുകയും മൊത്തം കയറ്റുമതിയില്‍ ഇവയുടെ പങ്ക് വര്‍ധിക്കുകയും ചെയ്തു. സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും ഈ വര്‍ഷം ശ്രദ്ധേയമായ മുന്നേറ്റമുണ്ട്


