കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ റിസര്‍വ് ബാങ്കിന്റെ ഈ ഇടപെടലാണ് രൂപയുടെ മൂല്യത്തില്‍ മുന്നേറ്റത്തിന് കാരണമായത്. RBI deployed 5 billion dollar life jacket to aid struggling rupee

തുടര്‍ച്ചയായ ഇടിവില്‍ തളര്‍ന്നുനിന്ന ഇന്ത്യന്‍ രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ 300 കോടി ഡോളര്‍ മുതല്‍ 500 കോടി ഡോളര്‍ വരെ (ഏകദേശം 44,000 കോടി രൂപ) വിറ്റഴിച്ചു. ഇതോടെ രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ റിസര്‍വ് ബാങ്കിന്റെ ഈ ഇടപെടലാണ് രൂപയുടെ മൂല്യത്തില്‍ മുന്നേറ്റത്തിന് കാരണമായത്.

നാല് മാസത്തെ ഏറ്റവും വലിയ ഒറ്റദിന മുന്നേറ്റം

ഈ ഇടപെടല്‍ ഫലിച്ചതോടെ, രൂപ ബുധനാഴ്ച നാല് മാസത്തെ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയും മുന്നേറ്റം നിലനിര്‍ത്തിക്കൊണ്ട് ഒരു യു.എസ്. ഡോളറിനെതിരെ 87.70 എന്ന നിലയില്‍ രൂപ വ്യാപാരം അവസാനിപ്പിച്ചു. യു.എസിന്റെ വാണിജ്യനികുതികള്‍, ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ കുറവ്, സ്വര്‍ണ ഇറക്കുമതിയിലെ വര്‍ധിച്ച ആവശ്യം എന്നിവയെത്തുടര്‍ന്ന് രൂപയുടെ മൂല്യം അടുത്തിടെയായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ആര്‍.ബി.ഐ. ഇടപെടുന്നതിനു മുന്‍പ് രൂപ 88.80 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിന് അടുത്തായിരുന്നു രൂപയുടെ വ്യാപാരം നടന്നിരുന്നത്.

വഴിത്തിരിവാകുമോ?

രൂപയുടെ മൂല്യം പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഇടിഞ്ഞിരുന്നു എന്നും അതിനാല്‍, റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ വലുതായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് മുംബൈയിലെ സി.എസ്.ബി. ബാങ്കിന്റെ ട്രഷറി ഗ്രൂപ്പ് മേധാവി അലോക് സിങ് അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് പൊതുമേഖലാ ബാങ്കുകള്‍ വഴിയാണ് വിനിമയം നടത്തുന്നത് എന്നതിനാലും, നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റിലെ ഇടപാടുകള്‍ അളക്കുക പ്രയാസമായതിനാലും യഥാര്‍ത്ഥ ഇടപെടലിന്റെ വ്യാപ്തി കൃത്യമായി നിര്‍ണ്ണയിക്കുക ദുഷ്‌കരമാണ്. എങ്കിലും, ആര്‍.ബി.ഐ.യുടെ വിനിമയം കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ പ്രവര്‍ത്തനരീതി, വിപണിയിലെ ഇടപാടുകളുടെ അളവ്, വിലയിലെ മാറ്റങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ആര്‍ബിഐ എത്ര അളവിലുളള ഡോളറാണ് വിപണിയിലെത്തിച്ചത് എന്ന് കണക്കാക്കുന്നത്.