ഷോപ്പിംഗ് ചെലവുകള്‍ കൂടുന്ന സാഹചര്യത്തില്‍, വ്യാജ വായ്പാ വാഗ്ദാനങ്ങള്‍, ഫിഷിങ് വെബ്‌സൈറ്റുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ ഉത്സവകാലത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദസറ കഴിഞ്ഞുള്ള ആഴ്ചകളിലും ദീപാവലിയോടനുബന്ധിച്ചും ആളുകളുടെ ഷോപ്പിംഗ് ചെലവുകള്‍ കൂടുന്ന സാഹചര്യത്തില്‍, വ്യാജ വായ്പാ വാഗ്ദാനങ്ങള്‍, ഫിഷിങ് വെബ്‌സൈറ്റുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിങ് വിവരങ്ങള്‍, പാന്‍ കാര്‍ഡ് നമ്പര്‍, ഒടിപി തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തട്ടിയെടുക്കുകയാണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.

സൈബര്‍ തട്ടിപ്പ് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാവുന്ന ചില നടപടികള്‍:

  • അംഗീകാരം പരിശോധിക്കുക: വായ്പ നല്‍കുന്ന പ്ലാറ്റ്ഫോമിന് ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുണ്ടോയെന്ന് ഉറപ്പാക്കുക.
  • അസ്വാഭാവിക ഓഫറുകള്‍ സൂക്ഷിക്കുക: പെട്ടെന്നുള്ള അംഗീകാരം, അസാധാരണമായി കുറഞ്ഞ പലിശ നിരക്ക് എന്നിവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ തട്ടിപ്പിന്റെ സൂചനയാകാം.
  • അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുക: ബാങ്കിങ് ആപ്പുകളിലും ഡിജിറ്റല്‍ വാലറ്റുകളിലും മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കുക. അംഗീകാരമില്ലാത്ത ഇടപാടുകള്‍ ഉണ്ടോയെന്ന് അറിയാന്‍ അലര്‍ട്ടുകള്‍ പതിവായി നിരീക്ഷിക്കുക.
  • വിവരങ്ങള്‍ ഉറപ്പുവരുത്തുക: വ്യക്തിഗതമോ സാമ്പത്തികപരമോ ആയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കുക.
  • അനാവശ്യമായ വായ്പ എടുക്കാതിരിക്കുക

കുറഞ്ഞ പലിശ നിരക്ക്, പ്രോസസിങ് ഫീസ് ഒഴിവാക്കല്‍, ടോപ്പ്-അപ്പ് വായ്പകള്‍ തുടങ്ങിയ പ്രമോഷനല്‍ ഓഫറുകളോടെ ഭവന വായ്പ വിതരണം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വര്‍ദ്ധിപ്പിക്കാറുണ്ട്. ഓഫറുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, വായ്പയുടെ മൊത്തത്തിലുള്ള ചെലവ്, വ്യവസ്ഥകള്‍, തിരിച്ചടവ് ബാധ്യതകള്‍ എന്നിവ ഉപഭോക്താക്കള്‍ വിലയിരുത്തണം. വായ്പയെടുക്കുന്നവര്‍ അവരുടെ മൊത്തം പ്രതിമാസ ഇഎംഐ വരുമാനത്തിന്റെ 30-40% ത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം. പ്രോസസ്സിംഗ് ഫീസ്, ലേറ്റ് ചാര്‍ജുകള്‍, മുന്‍കൂട്ടി അടയ്ക്കുമ്പോള്‍ ഉള്ള പിഴകള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് മൊത്തം ചെലവ് മനസ്സിലാക്കണം,.