ക്യാഷ് റൈഡറുകള്‍ ആശുപത്രിയില്‍ കിടക്കുന്ന ഓരോ ദിവസത്തിനും മുന്‍കൂട്ടി നിശ്ചയിച്ച ഒരു തുക നല്‍കുന്നു

മരണാനന്തരമുള്ള സാമ്പത്തിക സഹായത്തിനപ്പുറം, ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ടേം ഇന്‍ഷുറന്‍സ് പ്രകാരം പ്രതിദിനം ഒരു നിശ്ചിത തുക നല്‍കുന്ന 'ഹോസ്പിറ്റല്‍ ക്യാഷ് റൈഡറു'കളവതരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍. ടാറ്റാ എ.ഐ.എ , ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് ഏറ്റവുമൊടുവില്‍ ഈ സേവനം നല്‍കുന്നത്.

എന്താണ് ഹോസ്പിറ്റല്‍ ക്യാഷ് റൈഡര്‍?

സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ ചികിത്സാ ചെലവുകള്‍ റീഇംബേഴ്‌സ് ചെയ്യുന്നതിന് പകരം, ഹോസ്പിറ്റല്‍ ക്യാഷ് റൈഡറുകള്‍ ആശുപത്രിയില്‍ കിടക്കുന്ന ഓരോ ദിവസത്തിനും മുന്‍കൂട്ടി നിശ്ചയിച്ച ഒരു തുക നല്‍കുന്നു. ചെലവായ യഥാര്‍ത്ഥ ബില്ലിനെ ആശ്രയിക്കാതെ, പോളിസി എടുക്കുമ്പോള്‍ തന്നെ തീരുമാനിക്കുന്ന തുകയാണിത്. 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടന്നാല്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

രണ്ട് പ്രമുഖ പ്ലാനുകള്‍ താരതമ്യം ചെയ്യുമ്പോള്‍:

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ കെയര്‍ റൈഡര്‍

പ്രതിദിന തുക: 600 രൂപ മുതല്‍ 6,000 രൂപ വരെ തിരഞ്ഞെടുക്കാം.

ഐ.സി.യു. ആനുകൂല്യം: പ്രതിദിന തുകയുടെ ഇരട്ടി (ഒരു വര്‍ഷം പരമാവധി 15 ദിവസം).

കൂടുതല്‍ ആനുകൂല്യം: തുടര്‍ച്ചയായി 7 ദിവസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞാല്‍, പ്രതിദിന തുകയുടെ 3 മടങ്ങ് തുക ഒരു വര്‍ഷത്തില്‍ ഒരു തവണ ലഭിക്കും.

ക്ലെയിം പരിധി: വര്‍ഷത്തില്‍ പ്രതിദിന തുകയുടെ 100 മടങ്ങും, പോളിസി കാലയളവില്‍ 250 മടങ്ങും.

ടാറ്റാ എ.ഐ.എ ഹോസ്പികെയര്‍ റൈഡര്‍

പ്രതിദിന തുക: റൈഡര്‍ സം അഷ്വേര്‍ഡിന്റെ 0.5% (ഉദാഹരണത്തിന്, 10 ലക്ഷം രൂപ സം അഷ്വേര്‍ഡ് ആണെങ്കില്‍ 5,000 രൂപ പ്രതിദിനം).

ഐ.സി.യു. ആനുകൂല്യം: പ്രതിദിന തുക കൂടാതെ സം അഷ്വേര്‍ഡിന്റെ 0.5% അധികമായി ലഭിക്കും (ഒരു വര്‍ഷം പരമാവധി 15 ദിവസം).

അധിക ആനുകൂല്യം: തുടര്‍ച്ചയായി 7 ദിവസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞാല്‍, സം അഷ്വേര്‍ഡിന്റെ 1.5% തുക ഒരു വര്‍ഷത്തില്‍ ഒരു തവണ ലഭിക്കും.

ക്ലെയിം പരിധി: ഒരു വര്‍ഷത്തില്‍ 30 ദിവസവും, പോളിസി കാലയളവില്‍ 200 ദിവസവുമാണ് പരമാവധി പരിധി.