വിമാനയാത്രയിൽ ലഗേജിന് കേടുപാടുകൾ സംഭവിച്ചാൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അധികൃതരെ വിവരമറിയിക്കണം. PIR ഫോം പൂരിപ്പിച്ച് നൽകുകയും 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിlക്കുകയും ചെയ്യാം. വിമാനക്കമ്പനി ക്ലെയിം നിരസിച്ചാൽ എയർസേവ പോർട്ടൽ വഴിയോ കൺസ്യൂമർ കോർട്ട് വഴിയോ പരാതിപ്പെടാവുന്നതാണ്.
ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് അവരെ ഏറ്റവും കൂടുതൽ ടെൻഷനിലാക്കുന്ന ഒരു കാര്യം ആണ് ലഗേജ്. പ്രത്യേകിച്ച് വിദേശ യാത്രയൊക്കെ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരെ സംബന്ധിച്ച് പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളാകും പെട്ടി മുഴുവനും. കൺവോയർ ബെൽറ്റിൽ കറങ്ങി വരുന്ന സ്യൂട്ട് കേസിനോ ബാഗിനോ കേടൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്നാകും നമ്മൾ ആദ്യം നോക്കുക. ഇനി, എന്തെങ്കിലും സാഹചര്യങ്ങൾ കൊണ്ട് നിങ്ങളുടെ പെട്ടിക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് തന്നെ കരുതുക. നമുക്ക് എന്ത് ചെയ്യാം?
ഇത്തരം അടിയന്തര സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിഞ്ഞിരുന്നാൽ വിമാനക്കമ്പനികളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പൂർണമായും നേടിയെടുക്കാൻ നമുക്ക് സാധിക്കും. ലഗേജ് കയ്യിൽക്കിട്ടിയ ഉടൻ തന്നെ കൃത്യമായി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഇത് ഏറ്റവും പ്രധാനപ്പെട്ട സ്റ്റെപ് കൂടിയാണ്. പ്രശ്നം ഉണ്ടെന്ന് കണ്ടാൽ അവിടെ വച്ച് തന്നെ ഫോണിൽ പെട്ടിയുടെ ഫോട്ടോ എടുത്ത് വയ്ക്കുക. പെട്ടിയിലെ ടാഗുൾപ്പെടെ കാണാവുന്ന തരത്തിലായിരിക്കണം ഇത്.
അത് പോലെ, എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും വിമാനത്താവളത്തിന്റെ എക്സിറ്റ് ഗേറ്റിന് പുറത്തേക്ക് കടക്കരുത്. എയർപോർട്ടിൽ നിന്ന് പുറത്തുപോയിക്കഴിഞ്ഞാൽ ഈ തകരാർ യാത്രയ്ക്കിടയിലാണ് സംഭവിച്ചതെന്ന് തെളിയിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, ടെർമിനലിൽ തന്നെയുള്ള ബാഗേജ് സർവ്വീസസ് ഓഫീസിൽ ഉടൻ തന്നെ വിവരമറിയിക്കുക.
ഇനി, അവിടെയുള്ള ഉദ്യോഗസ്ഥർ നൽകുന്ന പ്രോപ്പർട്ടി ഇറഗുലാരിറ്റി റിപ്പോർട്ട് (PIR) എന്ന ഫോം ശ്രദ്ധാപൂർവം പൂരിപ്പിച്ചു നൽകണം. യാത്രയുടെ വിവരങ്ങൾ, ലഗേജ് ടാഗ് നമ്പർ, തകരാറിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തുന്ന ഈ ഫോമാണ് നിങ്ങളുടെ ക്ലെയിം പ്രൊസസ്സ് ചെയ്യാനുള്ള പ്രാഥമിക രേഖ. പൂരിപ്പിച്ച ഫോമിന്റെ ഒരു പകർപ്പും റിപ്പോർട്ട് നമ്പറും കൈവശം കരുതാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ തകരാറിലായ ബാഗിന്റെയും, ബാഗിലെ ക്ലെയിം ടാഗിന്റെയും, ബോർഡിങ് പാസിന്റെയും വ്യക്തമായ ഫോട്ടോകളും വീഡിയോകളും മൊബൈലിൽ പകർത്തി വെക്കുകയും വേണം. ഇത് ചെയ്ത ശേഷം മാത്രമേ എയർ പോർട്ടിലെ എക്സിറ്റ് ഗേറ്റ് കടക്കാൻ പാടുള്ളൂ.
എയർപോർട്ടിലെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം, ഏഴ് ദിവസത്തിനുള്ളിൽ വിമാനക്കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വഴിയോ വെബ്‌സൈറ്റ് പോർട്ടൽ വഴിയോ നഷ്ടപരിഹാരത്തിനായി ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. ഇന്ത്യയ്ക്കകത്തുള്ള യാത്രയാണെങ്കിൽ ഡിജിസിഎ (DGCA) മാനദണ്ഡങ്ങൾ പ്രകാരവും, അന്താരാഷ്ട്ര യാത്രയാണെങ്കിൽ മോൺട്രിയൽ കൺവെൻഷൻ ചട്ടങ്ങൾ പ്രകാരവുമാണ് നഷ്ടപരിഹാര തുക കണക്കാക്കുന്നത്. ബാഗ് നന്നാക്കിയെടുക്കാൻ സാധിക്കുന്നതാണെങ്കിൽ അതിനുള്ള ചെലവോ, കേടായതാണെങ്കിൽ പുതിയൊരു ബാഗിന്റെ വിലയോ നൽകാൻ വിമാനക്കമ്പനി ബാധ്യസ്ഥരാണ്.
എന്നാൽ എല്ലാ കേടുപാടുകൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നില്ല എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. ബാഗിൽ അമിതമായി സാധനങ്ങൾ കുത്തിനിറച്ച് സിപ് പൊട്ടുകയോ ബാഗ് കീറുകയോ ചെയ്താൽ കമ്പനികൾ അതിന് ഉത്തരവാദികളാകില്ല. കൂടാതെ സാധാരണ യാത്രകളിൽ സംഭവിക്കാവുന്ന ചെറിയ രീതിയിലുള്ള പോറലുകൾക്കും നഷ്ടപരിഹാരം ലഭിക്കില്ല. അതിനാൽ ചെക്ക്- ഇൻ ലഗേജിനുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കാതിരിക്കാൻ യാത്രക്കാർ എപ്പോഴും ശ്രദ്ധിക്കണം.
വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ലഭിക്കാതിരിക്കുകയോ ക്ലെയിം നിരസിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ 'എയർസേവ' (AirSewa) പോർട്ടൽ വഴി അടുത്ത പടിയായി ഓൺലൈനായി പരാതിപ്പെടാവുന്നതാണ്. ഇവിടെയും പരിഹാരമായില്ലെങ്കിൽ ആവശ്യമായ തെളിവുകൾ സഹിതം കൺസ്യൂമർ കോർട്ടിനെ സമീപിക്കാം.


